തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിനം 205 ആക്കി സർക്കാർ. വേനലവധി മാർച്ച് മുപ്പത്തിയൊന്നിന് തന്നെ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.

ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് ഏപ്രിൽ ആറ് വരെ ക്ലാസുകൾ ഉണ്ടാകുമെന്ന് സംസ്ഥാന പ്രവേശനോത്സവ വേദിയിൽവച്ച് മന്ത്രി ശിവൻകുട്ടി അറിയിച്ചിരുന്നു. പതിമൂന്ന് ശനിയാഴ്ചകൾ കൂടി കൂട്ടി പ്രവൃത്തി ദിനം 210 ആക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

എന്നാൽ അദ്ധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തി ദിനങ്ങൾ 210 ആക്കുകയും ചെയ്തതിനെതിരെ സി പി എം അനുകൂല അദ്ധ്യാപകസംഘടനയായ കെ എസ് ടി എ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നായിരുന്നു ആദ്യം സർക്കാർ അറിയിച്ചത്. കൂടുതൽ വിമർശനങ്ങളുയർന്നതോടെയാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 പ്രവൃത്തി ദിനങ്ങൾ വരെയാകാം.

LEAVE A REPLY

Please enter your comment!
Please enter your name here