കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. കോടതി ശിക്ഷിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴിക്കോട് കളക്ടറേറ്റിൽ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. ഇതിനായി കളക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടറാണ് ഇത്തരമൊരു നിർദേശം നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോൾ ഇന്ന് രാവിലെ എട്ട് മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂട്ടി കലക്ടറുടെ പേരിലുള്ള നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കളക്ടറേറ്റിൽ ആരംഭിച്ചത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മുതൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി നടപടികൾ സ്വീകരിക്കുന്നത് ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here