ന്യു യോർക്ക്: മൂന്ന് പതിറ്റാണ്ടിലേറെയായി ന്യു യോർക്കിൽ സർഗവേദി സാഹിത്യ പ്രസ്ഥാനത്തിന് സാരഥ്യമേകിയ മനോഹർ തോമസിന്റെ ചെറുകഥാ സമാഹാരം ‘കിളിമന്ജാരോയിൽ മഴ പെയ്യുമ്പോൾ’  കേരള സെന്ററിൽ നടന്ന ചടങ്ങിൽ  പ്രശസ്ത സാഹിത്യകാരൻ സക്കറിയ പ്രകാശനം ചെയ്തു.  സാഹിത്യ വിശാരദൻ കൂടിയായ ഡോ. എം.വി പിള്ള പുസ്തകം ഏറ്റുവാങ്ങി. കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറമായിരുന്നു എം.സി. കെ.കെ. ജോൺസൺ, രാജു വർഗീസ്, ഡോ. തോമസ് പാലക്കൽ, ബാബു പാറക്കൽ, ജോർജ് ജോസഫ്, പി.ടി. പൗലോസ്, ഉമാ സജി, അലക്സ് കാവുംപുറത്ത്, മനോഹറിന്റെ പത്നി ജെമിനി, പുത്രൻ നീൽ എന്നവർ സംസാരിച്ചു.

സാഹിത്യകാരന്മാർക്ക് വഴിയൊരുക്കി നടക്കുന്നയാൾ  സ്വന്തമായി എന്ത് കൊണ്ട് ഒരു പുസ്തകത്തെ എഴുതുന്നില്ല എന്ന ഭാര്യയുടെ പരിഹാസത്തിൽ നിന്നാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ തോന്നിയതെന്ന് മനോഹർ ഹാസ്യരൂപേണ പറഞ്ഞു. മനോഹർ എഴുത്തു ശക്തമാക്കിയതോടെ താൻ വായന കുറച്ചുവെന്നു ഭാര്യ ജെമിനി പറഞ്ഞതും ചിരി പടർത്തി. മനോഹറിന്റെ കഥകളിലെ ജീവിത ചിത്രീകരണവും ലാളിത്യവും പ്രാസംഗികർ എടുത്തു കാട്ടി. കഥകളുടെ വിശദീകരണമായി പലരുടെയും ആശംസകൾ. രാഷ്ട്രീയ കാര്യങ്ങളും ഇടയ്ക്കു കയറി വന്നു.

കഥാസമാഹാരത്തിലെ ‘എപ്പിസ്‌കോപ്പ’ എന്ന കഥയിലെ  ഒരു കഥാപാത്രം താൻ ആണെന്ന് എംസി ആയ ജോസ് കാടാപ്പുറം അവകാശപ്പെട്ടു. പിറവംകാരാണ് ഇരുവരും. മനോഹർ ഈ പുസ്തകം കോഴിക്കോട്ട് വച്ച പ്രകാശനം ചെയ്തപ്പോൾ താനും പങ്കെടുത്തത് സക്കറിയ അനുസ്മരിച്ചു. ഭാഗ്യത്തിന് മനോഹർ അമേരിക്കയിൽ ഈ പുസ്തകം പ്രകാശിപ്പിക്കുമ്പോഴും താനുണ്ട് . മനോഹർ മലയാളിയുമാണ്, അമേരിക്കക്കാരനുമാണ്. ഇവിടെ വച്ച്  ഈ പ്രകാശനം നിർവ്വഹിച്ചതിൽ വളരെ സന്തോഷമുണ്ട്.

മനോഹറുമായിട്ടുള്ള എന്റെ ബന്ധം തുടങ്ങിയിട്ട് 30 കൊല്ലം എങ്കിലും ആയിട്ടുണ്ട്. മനോഹറിനെ പറ്റി  ആദ്യം കേട്ടുകേൾവികളെ ഉണ്ടായിരുന്നുള്ളു. എന്റെ മൂന്നു  സുഹൃത്തുക്കൾ എന്നോട് വന്ന് പറയുകയുണ്ടായി ന്യുയോർക്കിൽ സാഹിത്യത്തിലും കലയിലും ഒക്കെ താല്പര്യമുള്ള നല്ല യുവാവ് ഉണ്ട്. മരിച്ചു പോയ സംവിധായകൻ അരവിന്ദൻ, മുതിർന്ന പത്രപ്രവർത്തകനും  മാതൃഭൂമിയുടെ ബ്യുറോ ചീഫും ആയിരുന്ന വി. കെ. മാധവൻകുട്ടി തുടങ്ങിയവർ. ഇങ്ങനെ ഒരു നല്ല സുഹൃത്ത് അമേരിക്കയിൽ ഉണ്ട്. ന്യുയോർക്കിൽ ചെല്ലുന്ന ആർക്കും അഭയവും ആശ്രയവും സങ്കേതവും ഒരു കൂട്ടുകെട്ടുമായിട്ട് അവിടെ ഉണ്ട്.

അതിനു ശേഷം 93 ലോ മറ്റോ ആണ് ഞങ്ങൾ ആദ്യം പരിചയപ്പെടുന്നത്. മനോഹറിന്റെ സർഗ്ഗവേദിയിലേയ്ക്കാണ് ആദ്യം   വരുന്നതെന്നാണ്  ഓര്മ. സാഹിത്യത്തോടും മലയാളത്തോടും ഭാഷയോടും മാത്രമല്ല  കേരളത്തിന്റെ ഏറ്റവും മികച്ച മുഖം എന്ന് വിശ്വസിക്കുന്ന മതേതര  മൂല്യങ്ങളോട് ഉള്ള മനോഹറിന്റെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ഞങ്ങൾ രണ്ടുപേരും അതൊരു അവകാശവാദം ആയിട്ടല്ല കാണുന്നത്. മനോഹർ നിരീശ്വരവാദനാണ് ഞാനും നിരീശ്വരനാണ്. അത് വേറൊരു  കാര്യം. നിരീശ്വര വാദം ഒരു അച്ചീവ്‌മെന്റ് ആണെന്ന് ഞാൻ പറയുന്നില്ല .

ഈ പുസ്തകം വളരെ നേരത്തെ വരേണ്ട പുസ്തകമായിരുന്നു. മനോഹറിലെ ഭാഷാ സ്നേഹിയും സാഹിത്യസ്നേഹിയും ആണ് ഇന്ന് ഒരു എഴുത്തുകാരൻ ആയി മാറിയത്. ഒരു പക്ഷെ അമേരിക്കൻ ജീവിതത്തിലെ വളരെ തിരക്കേറിയ ബഹളം നിറഞ്ഞ സമൂഹത്തിൽ ജീവിക്കുന്നതിനു ഇടയിൽ ആർക്കും തന്നെ മലയാളത്തിന്റെ എഴുത്തിലേക്ക് പ്രവേശിക്കാൻ എളുപ്പമാണ് എന്ന് കരുതുന്നില്ല. പഴയകാലത്ത് പ്രത്യേകിച്ച് നിങ്ങൾ മുഖ്യധാരയിൽ നിന്ന് മുറിഞ്ഞു പോയി നിൽക്കുകയായിരുന്നു. ഇപ്പോഴാണ് ടെലിവിഷന്റെയും സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയും വരവോടെ നിങ്ങൾ ഒരു പക്ഷെ തത്സമയം കേരളവുമായിട്ട് ബന്ധ്പ്പെടുന്നു.

മനോഹർ ഒക്കെ പ്രവർത്തിച്ചു തുടങ്ങുന്ന കാലത്ത് ഇന്ത്യയിലേക്ക് ഒരു ഫോൺ വിളിക്കണമെങ്കിൽ  ഒരു ദിവസമോ രണ്ടു ദിവസമോ ഒക്കെ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ നിന്ന് ഇങ്ങോട്ട് വിളിക്കണമെങ്കിലും ഒന്നും രണ്ടും ദിവസം കാത്തിരിക്കേണ്ടി വരുന്ന കാലഘട്ടമായിരുന്നു അത്. 88 ലാണ് ഞാൻ ഇവിടെ ആദ്യം വരുന്നത്. അന്ന് മലയാളികൾ അവർ വിട്ടു പോന്ന കേരളവുമായി ഉറച്ചു നിൽക്കുന്ന ആളുകളായിരുന്നു. അറുപതുകളിലും എഴുപതുകളിലും ഒക്കെ വച്ച് അവരുടെ കേരളബന്ധം മുറിഞ്ഞുപോയതായിരുന്നു. അവരെ കുറ്റം പറയാൻ പറ്റില്ല. പിന്നീട് കേരളവുമായിട്ട്  ബന്ധം വല്ലപ്പോഴും   വരുമ്പോൾ ഉള്ളതായിരുന്നു . മനോഹർ ഇപ്പോൾ കൊച്ചിയിൽ ആസ്ഥാനം ഉണ്ടാക്കി കേരളത്തിന്റെ മുഖ്യധാരയിലേക്ക് വന്നതിന്റെ കൂടി ഒരു ഫലമാണ് കഥകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്തത് .

മനോഹറിലെ എഴുത്തുകാരന് അങ്ങനെ എഴുതാനുള്ള ഒരു സാവകാശമുണ്ടായി. മിലിയു (milieu) എന്ന് ഇംഗ്ലീഷിൽ പറയുന്ന ചുറ്റുപാടും സാഹചര്യവും എഴുത്തിനുണ്ട്. എന്റെ പിന്നിൽ സാഹിത്യത്തിൻറെ ഒരു മിലിയു ഉണ്ട്, എഴുത്തുകാരുടെ, വിമർശകരുടെ, വായനക്കാരുടെ ഒരു മിലിയു ഉണ്ട്. അതില്ലെങ്കിൽ ഒരു എഴുത്തുകാരന്റെ വളർച്ചയും മുന്നോട്ടുള്ള യാത്രയും ഒറ്റപ്പെടുകയോ നിലച്ചു പോകുകയോ ചെയ്യും. ഭാഷയും സാഹിത്യവും ആയിരുന്നു മനോഹറിന്റെ ശക്തമായ താല്പര്യം .

മുകുന്ദൻ ഈ പുസ്തകത്തിന് എഴുതിയ ആശംസ  തുടങ്ങുന്നത് തന്നെ അമേരിക്കയിൽ ഒരു കേരളമുണ്ട് എന്ന് പറഞ്ഞിട്ടാണ്. അമേരിക്കയിൽ എല്ലായിടത്തും ഒരു കേരളമുണ്ട്. ന്യുയോർക്കിനെ കേരളമാക്കി അതിനു സാഹിത്യത്തിൻറെ ഒരു രൂപം കൊടുത്ത ഒരാളാണ് മനോഹർ. കിളിമൻജാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. അതിന്റെ താഴ്വരയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പ്രായമായ സ്ത്രീ ഇവിടെ  എട്ടാമത്തെ നിലയിലാണ് താമസിക്കുന്നത്. ഭാരിച്ച കുറെ പലവ്യഞ്ജന സാധനങ്ങളുമായി വന്നപ്പോൾ മുകളിലേക്ക് കയറിപ്പോകാൻ  സഹായിക്കാൻ വന്നതാണ് കഥാകൃത്ത്- കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ എന്ന മനോഹർ തോമസിന്റെ ചെറുകഥാസമാഹാരം പ്രകാശനവേളയിൽ  ഡോ എം.വി. പിള്ള ചൂണ്ടിക്കാട്ടി.  

ഏറ്റവും വലിയ പർവതത്തിന്റെടൂത്ത് നിന്ന് വന്നിട്ട് എട്ടാമത്തെ നിലയിലെക്ക് കയറാൻ വിഷമിക്കുന്ന  കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മനോഹർ തോമസ് അദ്ദേഹത്തിന്റെ ചെറുകഥയിൽ. ഒടുവിൽ  എട്ടാമത്തെ നിലയിലെക്ക് കടന്നു ചെന്നു ഒരു ചായകുടിച്ചു തിരിച്ചു വന്നതിന്റെ ഓർമകൾ കഥാകൃത്ത്  പറയുകയാണ്. ഇവിടെ എന്നെ ഏറ്റവും അതിശയിപ്പിച്ചത് കഥ പറയുന്നതിനിടയിൽ അദ്ദേഹത്തിലെ  നർമം നിറഞ്ഞു നിൽക്കുന്ന ഹാസ്യകഥാകാരൻ  ഇടയ്ക്കിടക്ക് ഒളിഞ്ഞു നോക്കുന്നുവെന്നതാണ്.

ഇന്ന് കവിതയിലും ഹ്രസ്വതയാണ് നമുക്ക് വേണ്ടത്. മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞു. ഇന്നാരും വായിക്കില്ല. കവിതയയോട് അടുത്തു നിൽക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനോഹറിന്റെ ഈ 16 ചെറുകഥകൾ. മനോഹറിന്റെ എല്ലാ ചെറുകഥകളിലും  ഇടയ്ക്കിടക്ക് നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന   പരമാർശങ്ങൾ കാണാം.  ആദ്യത്തെ കഥയിൽ  പള്ളി കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്ന പൗലോസ് കുട്ടി അതിമനോഹരമായി പാടുന്നു  എന്നാണ് തുടക്കം . ദൈവത്തിന്റെ വരദാനം പോലെ കിട്ടിയ ആ കഴിവ്  സ്‌കൂളിൽ  ഒന്നാം സ്ഥാനക്കാരൻ ആകുക എന്നതിലപ്പുറം ഒട്ടും മുന്നോട്ട് പോയിട്ടില്ല . വീട്ടിൽ ക്രിസ്തീയ പാട്ട് അല്ലാതെ ഏതെങ്കിലും പാടിയാൽ അത്താഴപട്ടിണി കിടക്കേണ്ടി വരും. അത് കാരണം ഗോപാല പാഹിമ എന്ന സെമി ക്ലാസിക്കൽ ഗാനം പൗലോസ് കുട്ടി റബർ തോട്ടം വഴി പാടി നടന്നു.

കളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ എന്നതിൽ പ്രായമായ ഈ വല്യമ്മയുടെ മകന്റെ മീശ കരിയിൽ മുക്കിയത് പോലെ എന്നത് മനോഹരമായ പ്രയോഗമാണ്. നല്ല ഒബ്‌സർവേഷൻ. ഇത്തരം പ്രയോഗങ്ങൾ മലയാറ്റൂരിന്റെ കഥകളിൽ കണ്ടിട്ടുണ്ട്. ഒരു കോമിക്ക്  റിലീഫിന് വേണ്ടി നർമം വാരി വിതറുന്നു. പർവത ശിഖരങ്ങളിൽ എപ്പോൾ വേണമെങ്കിലും അഗ്നി പർവതങ്ങൾ പൊട്ടിയൊലിക്കാം മഴ പെയ്യുമ്പോൾ അത് ശാന്തമാകുന്നു. ആഖ്യാനത്തിലെ ഈ മഴയാണ് മനോഹറിന്റെ നർമം.

ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലിറ്റസ് പറഞ്ഞിട്ടുണ്ട്. ഒരേ നദിയിൽ വീണ്ടും കാൽ കുത്താനാവില്ലെന്ന്. ഇത് തന്നെയാണ് കേരളത്തെക്കുറിച്ചു പറയാനുള്ളത്. കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നമ്മളും മാറുന്നു. ഈ കഥകളിൽ ഉടനീളം തുടിച്ചു നിൽക്കുന്ന മൂന്നു ഗുണങ്ങൾ; ഒന്ന് ഒരു എസ്‌കേപിസം . നമ്മളെ നൊമ്പരപ്പെടുത്തുന്ന ജീവിതാനുഭവങ്ങളിൽ നിന്ന് അല്പം വിട്ട് മാറി ശുഭാപ്തി വിശ്വാസത്തിൽക്കൂടി മുന്നേറാനുള്ള ത്വര. രണ്ടാമത് കാല്പനികത കവികളുടെ കൊടിയടയാളമാണ് . കുമാരനാശാന്റെ വീണപൂവ് തൊട്ട് ഇങ്ങോട്ട് ധാരാളം കാല്പനിക കവികൾ ഉണ്ട് . പിന്നീടാണ് കാല്പനികത മാറി മോഡേണിസം ഉത്തരാധുനികത ഒക്കെ വന്നത് . കാല്പനികത ഫിക്ഷനിലേക്ക് കടന്നു വന്നിരിക്കുന്നു.   ഇന്ത്യയിൽ ജനിച്ചു അമേരിക്കയിൽ ജീവിതം തേടിയെത്തിയ ഒരു  മലയാളി എഴുത്തുകാരൻ കഥക്ക് നൽകുന്ന ശീർഷകം ആഫ്രിക്കയിൽ നിന്ന് .

 ഈ കഥയുടെ ഇല്ലുസ്ട്രേഷനായ അതി മനോഹരമായ ഒരു ക്യാരിക്കേച്ചർ ഉണ്ടാക്കിയിട്ടുണ്ട്.   ഡച്ചു ചിത്രകാരൻ രചിച്ചത്.   മനുഷ്യജീവിതത്തിന്റെ ഒരു നിസഹായത കാണിക്കുന്ന ചിത്രമാണത്. പ്രായമായ ഒരു വല്യമ്മച്ചി  ബുക്ക് തുറക്കുമ്പോൾ ഉറക്കം തൂങ്ങി വീഴുന്നു  .  യൂറോപ്പിൽ നിന്ന് കിട്ടിയ ചിത്രകലയുട  ഒരംശം , ആഫ്രിക്കയിൽ നിന്നും കിട്ടിയ ഒരു ശീർഷകം ഏഷ്യയിൽ ജനനം, അമേരിക്കയിൽ പ്രവർത്തനം നാല് ഭൂഖണ്ഡങ്ങൾ ബന്ധിപ്പിക്കുന്ന കഥയാണ് കിളിമാഞ്ചോരോയിൽ മഴ പെയ്യുമ്പോൾ .

ഹഡ്സൺ റിവറിനെ ബന്ധിപ്പിക്കുന്ന നാല് പാലങ്ങളുടെ ഇടയ്ക്കാണ് ഇദ്ദേഹത്തിന്റെ വാസം . അപ്പോൾ ഒരു നദീതടസംസ്ജകാരം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകും . ഇത് കൊണ്ടാണ് ശ്രീ സക്കറിയ പറഞ്ഞത് മലയാളി എഴുത്തുകാരുടെ സ്ഥിരം സംജ്ഞയായ ഗൃഹാതുരത്വം വലിച്ചെറിഞ്ഞു മനോഹറിന്റെ കഥകൾ  . കേരളത്തിൽ ആരംഭിച്ചു അമിരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ജപ്പാനിലും ഒക്കെ എത്തുന്ന  ഈ പാലങ്ങൾ നിർമ്മിക്കുകയാണ് നല്ല കഥാകൃത്തിന്റെ ഏറ്റവും വലിയ കഴിവ്.

മനുഷ്യമനസുകൾക്കുള്ളിൽ നല്ല  പാലങ്ങൾ നിർമ്മിക്കുക. ഇത് നിർമ്മിക്കാൻ കഴിയാത്തത് കൊണ്ടാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന സകല അരക്ഷിതാവസ്ഥയും. ഞാൻ അലപ്പോഴും ചിലന്തിക്കാറുണ്ട് നമുക്ക് അവസാനമായി ചിന്തയിൽ ഒരു നവോത്ഥാനം തന്നിട്ടുളളത് ശ്രീനാരായണഗുരുവായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം. പിന്നെ അവിടെ എഴുതുന്നവർ ഒക്കെ  ബുദ്ധി പടിഞ്ഞാറിന് പണയം വച്ചത് പോലെ തോന്നി. പടിഞ്ഞാറേ സംസ്കാരത്തിലുള്ള മോഡേണിസം, പോസ്റ്റ് ട്രൂത്ത് എല്ലാം പുറത്തു നിന്നാണ് . നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ തന്നെ ദിശാബോധം നിർണ്ണയിച്ചത് പുറത്തുനിന്നാണ്. മാർക്സ്സിറ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും ആദ്യകാല ചിന്താധാരകൾ എല്ലാം ഇന്ത്യക്ക് പുറത്തുനിന്നാണ് എന്ത് കൊണ്ട് നമ്മുടെ എഴുത്തുകാർക്ക് മൗലികമായി ഒരു ചിന്ത ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല.

കഷ്ടിച്ച് സക്കറിയയുടെ ഭാസ്കരപട്ടേലരും വിധേയനും ഇടയ്ക്കിടെ മീഡിയയിൽ പറഞ്ഞു കേൾക്കാം  . അത് നമ്മുടെ ചിന്താധാരയിലേക്ക് കടന്നു വന്ന തൂവലാണ്. സര്ഗാത്മകതയുള്ള എഴുത്തുകാർക്ക് എഴുതണമെങ്കിൽ അവരുടെ മനസ്സ് സ്വാതന്ത്രമായിരിക്കണം. ഗീതാഞ്ജലിയിൽ ടാഗോർ പറഞ്ഞട്ടിട്ടുള്ളത് അത് അത് തന്നെയാണ് .

സ്വതന്ത്രമായ മനസ്സോടുകൂടി തലയുയർത്തി നിൽക്കാൻ എന്റെ ദൈവമേ എന്റെ രാഷ്ട്രത്തെ ഉയർത്തേണമേ. അതിപ്പോൾ കഴിയുന്നില്ല, കാരണം . എഴുത്തുകാരെയെല്ലാം നമ്മൾ വർഗ്ഗീകരിച്ചു. ഇടത് പക്ഷ എഴുത്തുകാരൻ വലതുപക്ഷ എഴുത്തുകാരൻ സ്വതന്ത്ര എഴുത്തു കാണുന്നില്ല . കേരളത്തിൽ  പത്രസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടു എന്നരോപിച്ചു കൊണ്ട് 104 സാംസ്കാരിക പ്രവർത്തകർ ഇന്ന് രംഗത്തു വന്നിട്ടുണ്ട് . അതിൽ സച്ചിദാനന്ദനുണ്ട് സാധാരണ ഇടത് പക്ഷ ഗവണ്മെന്റ് ഭരിക്കുമ്പോൾ അങ്ങനെ ധൈര്യപൂർവം മുന്നോട്ട് വരാൻ ഇടത്പക്ഷ എഴുത്തുകാർ തുനിയാറില്ല. അത് നടന്നിരിക്കുന്നു . ഇതൊരു വേറിട്ട കാലമാണ്. തെറ്റ് എവിടെ കണ്ടാലും തെറ്റാണെന്നു പറയാൻ തോന്നിയ ആ  ധൈര്യം  ആ ആർജ്ജവം അഭിനന്ദിക്കപ്പെടേണ്ടതാണ് .

അത് കൊണ്ടാണ് അമേരിക്കയിലെ മലയാള മാധ്യമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഞാൻ തുടങ്ങിയത്. ഇവിടെ വന്ന നമ്മുടെ നാടിന്റെ മുഖ്യ  മന്ത്രിയെയും നമ്മുടെ നാടിന്റെ ഉദ്യോഗസ്ഥരെയും ഒരു പോറൽ പോലും ഏൽപ്പിക്കാതെ സ്വീകരിച്ചു ഒരു പ്രതിഷേധ പ്രകടനവും കാണിക്കാതെ തിരിച്ചയച്ചത് ചില്ലറക്കാര്യമല്ല . ഇതിനു ഒരു ദിശാബോധം വളർത്താൻ ഇ-മലയാളിക്കും ഇവിടത്തെ  മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ.  നമ്മുട  എഴുത്തുകാർ  കൂടുതൽ സ്വതന്ത്രരായി എഴുതാൻ കഴിയുന്നവരായി മാറട്ടെ.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞു – എന്റെ ശത്രുക്കളുടെ ആക്രോശം എന്നെ അലോസരപ്പെടുത്തുന്നില്ല എന്റെ മിത്രങ്ങളുടെ നിശബ്ദത എന്നെ ദുഖിതനാക്കുന്നു . വോൾട്ടയറും പാലൊ കൊയ്‌ലോയും പറഞ്ഞതുപോലെയുള്ള  ആശയങ്ങൾ ആരും കേരളത്തിൽ എഴുത്താത്തത്  എന്താണ്?  ഒരു പക്ഷെ അത് എഴുതാൻ കഴിയുന്ന അപൂർവം ചിലരിൽ ഒരാളാണ്   ശ്രീ സക്കറിയ. കാരണം മറ്റുള്ള ചങ്ങലക്കെട്ടുകളിൽ ഒന്നും അദ്ദേഹം പെട്ടിട്ടില്ല . അങ്ങനെ ഒരു കാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.    മനോഹരമായ ഈ പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹവും ഇവിടെ വന്നതിനും അത് ഏറ്റു  വാങ്ങുവാനുള്ള ഭാഗ്യം കിട്ടിയതിലും  ആഹ്ലാദിച്ചു കൊണ്ടു ഞൻ എന്റെ വാക്കുകൾക്ക് വിരാമമിടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here