ദില്ലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ചാണ്ടിയുമായി സംസാരിച്ചു.

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികള്‍ക്ക് കൂടി സാക്ഷിയാകും. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മകളും ജനകീയതയും വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.

അതേസമയം, 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here