കട്ടപ്പന. ഇടുക്കി ജില്ലാ കളക്ടർക്കെതിരെ ജില്ലയുടെ പലഭാഗങ്ങളിലും പോസ്റ്ററുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ഇടുക്കി ജില്ലാ കളക്ടർക്കെതിരെ പട്ടിക വർഗ്ഗ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ പേരിൽ പോസ്റ്ററുകൾ. ഇടുക്കി ജില്ലയിലെ സർക്കാർ ഓഫീസിലുകളുടെ പരിസരങ്ങളിൽ ഇന്ന് രാവിലെയാണ് കളക്ടർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഇടുക്കി എസ് പി ക്ക് കളക്ടർ നിർദേശം നൽകി.

പട്ടികവർഗ്ഗക്കാരുടെ ജീവിത പുരോഗതിയുടെ ആരാച്ചാർ ഇടുക്കി ജില്ലാ കളക്ടറെ നീക്കം ചെയ്യുക ,സർക്കാർ നിർദ്ദേശങ്ങൾ പാർശ്വവൽക്കരിച്ച് സമ്പന്ന താൽപര്യം സംരക്ഷിക്കുന്ന ജില്ലാ കളക്ടറുടെ ജില്ലയുടെ ഭരണ ചുമതലയിൽ നിന്നും ഒഴിവാക്കുക,ജില്ലയിലെ ഭൂവിഷയങ്ങൾ പരിഹരിക്കാതെ കയ്യേറ്റക്കാരെയും റിസോർട്ട് മാഫിയകളെയും സംരക്ഷിക്കുന്ന ജില്ലാ കളക്ടറുടെ അഴിമതി ഭരണം അവസാനിപ്പിക്കുക, പട്ടിക വർഗ്ഗക്കാർക്ക് ചിന്നക്കനാലിൽ അനുവദിച്ച 822 ഏക്കർ ഭൂമി എവിടെയെന്ന് ജില്ലാ കളക്ടർ ഉത്തരം പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ടാണ് കളക്ടർക്കെതിരെ പൈനാവ്, തൊടുപുഴ, മുട്ടം, കുയിലിമല ഉൾപ്പെടെയുള്ള മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പട്ടികവർഗ്ഗ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളുടെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻപും ആദിവാസി വിഭാഗങ്ങൾക്കിടയിൽ നിന്ന് കളക്ടർക്കെതിരെ പരസ്യമായ ആരോപണങ്ങളുമായി രാജാക്കാട് കേന്ദ്രമായുള്ള സംഘടന രംഗത്ത് എത്തിയിരുന്നു. ആദിവാസി വനിതാ നേതാവ് സാറാമ്മയുടെ നേതൃത്വത്തിലാണ് കളക്ടർക്കെതിരെ അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here