അതിവേഗം, സിഗ്‌നല്‍ലൈറ്റ് ലംഘനം തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് മൂന്നുഘട്ടമായി ക്യാമറകള്‍ സ്ഥാപിച്ചത്.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ച 220 ക്യാമറകള്‍ ഉപേക്ഷിച്ചു. എ.ഐ. ക്യാമറ സ്ഥാപിക്കുംമുമ്പ് സ്ഥാപിച്ച ഇവ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുപോലും മോട്ടോര്‍വാഹനവകുപ്പ് ശ്രദ്ധിക്കുന്നില്ല. പകരം എ.ഐ. ക്യാമറകളുടെ പിന്നാലെയാണ് അധികൃതര്‍.

അതിവേഗം, സിഗ്‌നല്‍ലൈറ്റ് ലംഘനം തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് മൂന്നുഘട്ടമായി ക്യാമറകള്‍ സ്ഥാപിച്ചത്. എറണാകുളത്ത് കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് ജീവനക്കാരെ നിയോഗിച്ചു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ചെലാന്‍ തയ്യാറാക്കി പിഴ ചുമത്തിയിരുന്നത്.

രാത്രിയിലും മഴസമയത്തും വ്യക്തമായ ദൃശ്യങ്ങള്‍ കിട്ടുന്നില്ലെന്ന പോരായ്മയുണ്ടായിരുന്നു. എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഇവയുടെ തകരാറുകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ല.

വിവിധഘട്ടങ്ങളായി ക്യാമറകള്‍ക്കുവേണ്ടി 70 കോടിരൂപയോളം മോട്ടോര്‍വാഹനവകുപ്പ് മുടക്കിയിരുന്നു. പല ക്യാമറകളുടെയും തൂണുകള്‍ വാഹനങ്ങള്‍ ഇടിച്ചുതകര്‍ന്നു. റോഡിലേക്ക് സ്ഥാപിച്ചിരുന്ന ചില ക്യാമറകള്‍ സമീപത്തെ വയലിലേക്കുവരെ തിരിഞ്ഞിരിപ്പുണ്ട്.

എറണാകുളത്തെ കണ്‍ട്രോള്‍ റൂം ഒഴിവാക്കി പകരം ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്ക് ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണെന്നും അതുകഴിഞ്ഞാല്‍ ക്യാമറകള്‍ സജ്ജമാകുമെന്ന മറുപടിയാണ് മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പെടുത്ത ഈ തീരുമാനം നടപ്പായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here