ഇടുക്കി: റവന്യുവകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌ നിര്‍മാണം തുടര്‍ന്ന ഭൂവുടമകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ ഹൈക്കോടതി നിര്‍ദേശം. ജില്ലാ കലക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് ശേഖരിച്ച്‌ രണ്ടാഴ്ചക്കകം നല്‍കണം. സ്റ്റോപ്പ് മെമ്മോ ലംഘിച്ച്‌ വ്യാപകമായി നിര്‍മാണം നടക്കുന്നുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. 326 കയേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ 20 കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു. ഭൂസംരക്ഷണ നിയമ പ്രകാരം ചില കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയെന്നും സര്‍വേ ആവശ്യമായ കേസുകളില്‍ രണ്ട് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തില്‍ കടുത്ത അതൃപ്തിയും കോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് അമിതബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറിയും ഹരജിക്കാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിലപാട് അറിയാൻ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here