രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്‍റെ ശാഖ കേരളത്തില്‍ രൂപീകരിക്കാന്‍ പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത സയീദ് നബീൽ അഹമ്മദില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്. യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച സംഘം മധ്യകേരളത്തിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടു.
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്‍റെ തൃശൂര്‍ മൊഡ്യൂള്‍ നേതാവായ സയീദ് നബീല്‍ അഹമ്മദിനെ ഈ മാസം ആറിന് ചെന്നൈയില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ഏറെ നാളായി എന്‍ഐഎയുടെ നിരീക്ഷത്തിലായിരുന്നു നബീല്‍. ഐഎസിന് ഫണ്ട് കണ്ടെത്താന്‍ ബാങ്ക് കൊള്ളയും മോഷണങ്ങളും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായിരുന്നു നബീല്‍. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ചോദ്യം ചെയ്തപ്പോളാണാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്.
കേരളത്തില്‍ തന്നെ ഒരു തീവ്രവാദ സംഘടന രൂപീകരിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. പെറ്റ് ലവേഴ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് ആരംഭിക്കാനിരിക്കെയാണ് നബീലിനെ എന്‍ഐഎ പിടികൂടുന്നത്. സംഘടന രൂപീകരണം മുതല്‍ തുടര്‍ന്ന് നിര്‍വഹിക്കേണ്ട പദ്ധതികളെ കുറിച്ചുള്ള മാസ്റ്റര്‍ പ്ലാനും സംഘം തയാറാക്കിയിരുന്നു. പണം കണ്ടെത്താന്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ രണ്ട് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനായിരുന്നു പദ്ധതി. ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ലഭിച്ചു.
ഇതര മതങ്ങളിലെ പുരോഹിതരെ കൊലപ്പെടുത്താനും സംഘം പദ്ധതിയിട്ടു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് സയീദ് നബീല്‍. ജൂലൈയില്‍ സംഘത്തിലെ മറ്റൊരു അംഗം മതിലകത്ത് കോടയില്‍ അഷ്റഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു