
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ പേരില്‍ ഇന്നലെ വൈകി 6 പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇടുക്കി അണക്കെട്ടില്‍ സുരക്ഷാവീഴ്ച ആദ്യത്തെ സംഭവമല്ല. 2011 ഡിസംബര്‍ 10ന് അണക്കെട്ടിനകത്ത് കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് കയറി ലിഫ്റ്റ് വഴി ഡാമിനുളളിലിറങ്ങി കാഴ്ച കണ്ടുനിന്ന വിനോദസഞ്ചാരികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി മടക്കിയയച്ചിരുന്നു.2013 ജൂലൈയിലെ ഹര്‍ത്താല്‍ ദിവസം സുരക്ഷ വീഴ്ചയുണ്ടായിരുന്നു. അണക്കെട്ടിന്‍റെ സുരക്ഷാചുമതലയുണ്ടായിരുന്ന നാലു പോലീസുകാര്‍ ഡ്യൂട്ടിക്കെത്താതെ മുങ്ങി.
അന്നത്തെ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ മിന്നല്‍ പരിശോധനയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഇവരെ സുരക്ഷാചുമതലയില്‍ നിന്നു നീക്കി. ഇടുക്കി-ചെറുതോണി അണക്കെട്ടിലേക്കു പ്രവേശിക്കുന്ന റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കവാടങ്ങളില്‍ പലതിലും കാവല്‍ക്കാരില്ല. ചിലതിനു ഗേറ്റു പോലുമില്ല. ഇതുവഴി ഏതു വാഹനങ്ങള്‍ക്കും ഏതു സമയത്തും അണക്കെട്ടുകളുടെ മുകളിലും അടിത്തട്ടിലും എത്താമെന്നതാണ് അവസ്ഥ.
ഇടുക്കി അണക്കെട്ടിന്‍റെ മുകള്‍ത്തട്ടിലും അടിയിലും എത്താൻ മൂന്നു റോഡുകളാണുള്ളത്. ചെറുതോണി അണക്കെട്ട് വഴിയാണ് പ്രധാന മാര്‍ഗം. മറ്റൊന്ന് അടിമാലി-കുമളി ദേശീയപാതയില്‍ ഡാം ടോപ്പു വഴിയും ഇടുക്കി അണക്കെട്ടില്‍ എത്താം. ഇതുവഴിയുള്ള അണക്കെട്ടിന്‍റെ പ്രവേശന കവാടത്തില്‍ കാവല്‍ക്കാരില്ല. ഇടുക്കി ആര്‍ച്ച് ഡാമിന്‍റെ അടിത്തട്ടിലേക്കു കടക്കുന്ന റോഡില്‍ 300 മീറ്റര്‍ അകലെ ഗേറ്റ് ഉണ്ടെങ്കിലും സെക്യൂരിറ്റിക്കാരില്ല. ചെറുതോണി അണക്കെട്ടിലേക്ക് ഇടുക്കി മെഡിക്കല്‍ കോളജിനു സമീപമുള്ള വഴിയില്‍ അണക്കെട്ടിന് സമീപം ഗെയിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിക്കാരില്ല. ഇതുവഴി ഏതു വാഹനത്തിനും ഡാമിന്‍റെ അടിഭാഗത്തെത്താം. ഇടുക്കി ആലിൻചുവട് ഭാഗത്തുനിന്ന് അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന മറ്റൊരു റോഡുണ്ട്. ഇവിടെ പോലീസ് ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്ന് കെഎസ്‌ഇബി നിര്‍ദേശിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഈ റോഡിലൂടെ നടന്ന് നാട്ടുകാര്‍ പലരും ഡാമിനു മുകളില്‍ പ്രവേശിച്ചിട്ടുണ്ട്. ഇവരെ പോലീസ് കണ്ടാല്‍ നാട്ടുകാരായതുകൊണ്ട് താക്കീതു ചെയ്തു വിട്ടയക്കുകയാണ് പതിവ്.