എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി അമ്മ എലിസബത്ത്. കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് അനില്‍ ബിജെപിയിലേക്ക് പോയതെന്ന് എലിസബത്ത് പറഞ്ഞു. പ്രാര്‍ത്ഥനകളില്‍ മുഴുകിയതോടെ ബിജെപിയോടുള്ള വെറുപ്പും എതിര്‍പ്പും മാറി. മകന്‍ വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ എ. കെ ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് കൂട്ടിച്ചർത്തു.

ആലപ്പുഴയിലെ കൃപാസനം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എലിസബത്ത് ആന്റണി നടത്തിയ സാക്ഷ്യം പറയലിലാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിൽ ചർച്ചയാകുന്നത്. 39 കാരനായ അനില്‍ ആന്‍റണി സജീവരാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ ആശങ്കയായി. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുമ്പോഴാണ് പിഎം ഓഫീസിൽ നിന്നും ബിജെപിയിലേക്കുള്ള വിളി വന്നതെന്ന് എലിസബത്ത് പറയുന്നു.

ടിവിയിലൂടെയാണ് അനില്‍ ബിജെപിയിലെത്തിയ കാര്യം എകെ ആന്‍റണി അറിഞ്ഞത്. എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പേടി. രണ്ടു തവണ അനില്‍ വീട്ടിൽ വന്നു. ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് പറയുന്നു. ആന്‍റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്‍റെ ഫലമായാണ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതെന്നും എലിസബത്ത് വിശ്വസിക്കുന്നു. ഉടമ്പടികളെടുത്ത് പ്രാര്‍ഥിച്ചശേഷം ഫലമുണ്ടായാല്‍ സാക്ഷ്യം പറയണമെന്ന രീതി പിന്തുടര്‍ന്നാണ് കൃപാസനത്തില്‍ എലിസബത്ത് സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here