ഫിലിപ്പീൻസിൽ യാത്രക്കാരന്റെ പണം മോഷ്ടിച്ച എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഒരു ചൈനീസ് യാത്രക്കാരനിൽ നിന്ന് ഉദ്യോഗസ്ഥ 300 ഡോളർ മോഷ്ടിച്ചുവെന്നാണ് പരാതി. മോഷ്ടിച്ച നോട്ടുകൾ വനിതാ ഉദ്യോഗസ്ഥ വിഴുങ്ങാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1ൽ സെപ്തംബർ എട്ടിനാണ് സംഭവം നടന്നതെന്ന് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് യാത്രക്കാരനെ എക്സ്-റേ സ്കാനിംഗിന് വിധേയനാക്കുമ്പോഴായിരുന്നു മോഷണം നടന്നത്. യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ നിന്ന് ഉദ്യോഗസ്ഥ പണം എടുക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മോഷ്ടിച്ച നോട്ടുകൾ സെക്യൂരിറ്റി ഓഫീസർ വായിൽ നിറയ്ക്കുകയും പിന്നീട് ഒരു തൂവാല കൊണ്ട് മൂടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇടയ്ക്ക് വിരൽ ഉപയോഗിച്ച് പണം വായിലേക്ക് തള്ളുന്നതും വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. വിവരം ലഭിച്ചതിനെത്തുടർന്ന് ഓഫീസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി (OTS) വസ്തുതാന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവുശേഖരണം നടന്നുകൊണ്ടിരിക്കുകയാണെന്നും OTS അറിയിച്ചു. മനില ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായും ഫിലിപ്പൈൻ നാഷണൽ പൊലീസ് ഏവിയേഷൻ സെക്യൂരിറ്റിയുമായും ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഓഫീസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here