
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പി.എ അഖില്‍ മാത്യുവിന് തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കോഴനല്‍കിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ വാദങ്ങള്‍ തള്ളി ദൃശ്യങ്ങള്‍. ഏപ്രില്‍ പത്തിന് ഉച്ചകഴിഞ്ഞ് 2.30ന് സെക്രട്ടേറിയറ്റിന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ വച്ച് പണം കൈമാറിയെന്നാണ് ഹരിദാസന്‍ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ആ സമയം അഖില്‍ മാത്യു പത്തനംതിട്ട കുമ്പഴയിലെ ശാലാം മാര്‍ത്തോമ പള്ളിയില്‍ നടന്ന ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉച്ചകഴിഞ്ഞ് 3ന് തുടങ്ങിയ വിവാഹത്തിലും വൈകിട്ട് 5ന് നടന്ന വിവാഹ സത്കാരത്തിലും അഖില്‍ പങ്കെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാവും. പത്തനംതിട്ടയും തിരുവനന്തപുരവും തമ്മില്‍ നൂറ് കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ ഹരിദാസന്റെ പരാതിയില്‍ പറയുന്നത് പോലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് വച്ച് കോഴവാങ്ങിയ ശേഷം മൂന്നിന് പത്തനംതിട്ടയിലെ വിവാഹത്തില്‍ പങ്കെടുക്കുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പൊലീസിനും കൈമാറാനാണ് അഖില്‍ മാത്യുവിന്റെ തീരുമാനം.
താന്‍ കണ്ടത് അഖില്‍ മാത്യുവിനെത്തന്നെയെന്നതില്‍ ഉറച്ച് പരാതിക്കാരനായ ഹരിദാസന്‍. മന്ത്രിയുടെ പിഎയെ കണ്ടത് നാലുമണിക്കുശേഷമാണ്. അഖിലിനെ കണ്ട സമയം കൃത്യമായി ഓര്‍മയില്ല. പണംകൊടുത്ത ശേഷം താന്‍ കൊച്ചുവേളിയിലേക്കാണ് പോയതെന്നും ഹരിദാസ് പറഞ്ഞു