
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു എന്നും ഇ പി പറഞ്ഞു. അതേസമയം തനിക്കെതിരായ തെറ്റായ ആരോപണത്തിൽ ഇന്നലെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതി പി സതീഷ് കുമാർ മട്ടന്നൊരുകാരനാണ്. തനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, തനിക്ക് അയാളുമായി ഇടപാടില്ലെന്നും ഇപി പറഞ്ഞു. സതീശന്‍റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തൃശ്ശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വെക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല. പി ആർ അരവിന്ദാക്ഷനെ അറിയില്ല. അരവിന്ദാക്ഷനല്ല ആരായാലും തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ പാർട്ടി സംരക്ഷിക്കില്ല. അങ്ങിനെ സംരക്ഷണം നൽകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അല്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി.