
മെഡിക്കൽ ഓഫീസർ നിയമന കോഴ വിവാദത്തിൽ ഹരിദാസിന്റെ മൊഴിയിൽ അവ്യക്തതയെന്ന് പൊലീസ്. തിരുവനന്തപുരത്ത് വച്ച് ആർക്കാണ് പണം നൽകിയതെന്നോ പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ ഹരിദാസിന്റെ മൊഴിയിൽ വ്യക്തത ഇല്ല. കാഴ്ച്ചക്കുറവുള്ളതിനാൽ പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴിയെന്നും പൊലീസ് വ്യക്തമാക്കുന്നു. 500 രൂപ നോട്ടുകൾ അടങ്ങിയ ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്റെ മൊഴി.
തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസൻ പറയുന്നത്.എന്നാൽ പണം കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന ഹരിദാസന്റെ മൊഴി പൊലീസിന് വിശ്വസനീയമല്ല. പണം വാങ്ങിയത് അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്.പൊലിസ് കാണിച്ച അഖിൽ മാത്യുവിന്റെ ഫോട്ടോയും ഹരിദാസൻ തിരിച്ചറിഞ്ഞില്ല.
അതേസമയം ഹരിദാസ് പണം നല്‍കിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഉറപ്പിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് ഇക്കാര്യം ആധികാരികമായി വ്യക്തമായത്. ഇനി സെക്രട്ടേറിയറ്റിന് മുന്നിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് കാന്റോണ്‍മെന്റ് പൊലീസിന്റെ നീക്കം.