കിലെയിലെ പിൻ വാതിൽ നിയമനത്തിൽ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും സതീശൻ പറഞ്ഞു. കിലെയിൽ പിന്‍വാതില്‍ നിയമനങ്ങള്‍ നേടിയവരെ അടിയന്തിരമായി പിരിച്ചുവിടാനും അന്വേഷണത്തിന് ഉത്തരവിടാനും സർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്. യോഗ്യതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി ഇടപെട്ടത്. പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്തികകളില്‍ ഉള്‍പ്പെടെ കിലെയില്‍ 10 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here