കളമശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് കോടതി അനുമതി നൽകി. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്ഫോടനത്തിനായി ഡൊമിനിക്ക് മാര്‍ട്ടിന്‍ ശേഖരിച്ച ഉപകരണങ്ങളടക്കം നിര്‍ണായക തെളിവുകള്‍ അത്താണിയിലെ പ്രതിയുടെ വസതിയില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇരുപത്തി നാലാം മണിക്കൂറിലാണ് കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനെ എറണാകുളം ജില്ല സെഷൻസ് കോടതി കോടതിയിൽ ഹാജരാക്കിയത്.

അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ നിയമസഹായം ആവശ്യമുണ്ടോ എന്ന് കോടതി മാർട്ടിനോട് ചോദിച്ചു. എന്റെ ആശയങ്ങൾ എന്റെ സ്വന്തം ശബ്ദത്തിൽ പ്രകടിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതിയുടെ നിലപാട്. ഇക്കാര്യം കോടതി അംഗീകരിച്ചു. പ്രതിക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് കോടതി വ്യക്തമാക്കി. പൊലീസിനെതിരെ പ്രതിക്ക് പരാതിയില്ല. പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിലയിരുത്തിയ കോടതി നവംബർ 29 വരെ റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് കോടതി അനുമതി നൽകി. മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ആയിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. ഇതിനായി നാളെ അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. അപേക്ഷ അംഗീകരിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചറിയൽ പരേഡ് നടക്കും. ഇതിനുശേഷം പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു

ബോംബ് സ്ഫോടനത്തിനായി ഡൊമനിക്ക് മാര്‍ട്ടിന്‍ ശേഖരിച്ച ഉപകരണങ്ങളടക്കം നിര്‍ണായക തെളിവുകള്‍ അത്താണിയിലെ പ്രതിയുടെ വസതിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. വീടിന്റെ ടെറസായിരുന്നു ഡൊമനിക്കിന്റെ ബോംബ് പരീക്ഷണകേന്ദ്രം. ആറരമണിക്കൂർ നീണ്ട തെളിവെടുപ്പിൽ ഇക്കാര്യങ്ങൾ അന്വേഷണസംഘം പുനരാവിഷ്കരിച്ചു. കേസില്‍ അന്വേഷണം വിപുലീകരിച്ച എന്‍ഐഎ പ്രതി വിദേശത്തെ് ജോലിചെയ്തിരുന്നിടത്തും പരിശോധന നടത്തും. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here