
ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചു പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു. എന്നാൽ മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.
എന്നാൽ താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീർ പറഞ്ഞു.