
പത്തനംതിട്ട കോയമ്പത്തൂര്‍ പാതയില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടില്‍ വന്‍തുക പിഴ. തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പിന്റെ ചാവടി ചെക്പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് ഈടാക്കിയത്. അനുമതിയില്ലാതെ യാത്ര ചെയ്തതിന് ഇരട്ടിത്തുകയാണ് പിഴയൊടുക്കേണ്ടി വന്നത്. വാളയാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. തുക ഒടുക്കിയ ശേഷമാണ് ബസിന് തുടര്‍യാത്ര നടത്താനായത്. പിഴയൊടുക്കിയതിനാല്‍ ഈമാസം ഇരുപത്തി നാല് വരെ ബസിന് തമിഴ്നാട്ടില്‍ സര്‍വീസ് നടത്താവുന്നതാണ്.
നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിൽ സർവീസ് തുടങ്ങിയ റോബിൻ ബസിന് ആദ്യ ദിനം കേരളത്തില്‍ മോട്ടോർ വാഹനവകുപ്പ് 37,500 രൂപ പിഴ ചുമത്തി. പത്തനംതിട്ട കോയമ്പത്തൂർ യാത്രയ്ക്കിടയിൽ ബസ് നാലിടങ്ങളിൽ തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വഴിനീളെ ജനങ്ങൾ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു ബസിന്റെ യാത്ര. റോബിൻ ബസുടമ നടത്തുന്നത് നിയമ ലംഘനമെന്ന് ഗതാഗത മന്ത്രിയും കോടതി പറയുന്നത് വരെ സർവീസ് തുടരുമെന്ന് ബസുടമയും പറഞ്ഞു.
രാവിലെ അഞ്ചിന് പുറപ്പെട്ടതിന് പിന്നാലെ പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ പരിശോധന. പാലാ കൊച്ചിടപ്പാടിയിലെ രണ്ടാം പരിശോധനയിൽ ഗതാഗതക്കുരുക്ക് കൂടിയതോടെ നാട്ടുകാർ മോട്ടോർ വാഹനവകുപ്പിനെതിരെ പ്രതിഷേധിച്ചു. അങ്കമാലിയിലും തൃശൂർ പുതുക്കാടും പരിശോധന തുടർന്നു. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസിന് നൂറിലധികം കേന്ദ്രങ്ങളിലാണ് സ്വീകരണം ലഭിച്ചത്. ബസുടമ നടത്തുന്നത് നിയമ ലംഘനമെന്ന് മന്ത്രി ആന്റണി രാജു.