ആഷാ മാത്യു

2023ലെ നാമം വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ എക്സലന്‍സ് പുരസ്‌കാരം ഷിജോ പൗലോസിന്. പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ മാധ്യമപ്രവര്‍ത്തകനാണ് ഷിജോ പൗലോസ്. രണ്ട് പതിറ്റാണ്ടായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഷിജോ പൗലോസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനാകുന്നത് വ്ലോഗ്ഗര്‍ എന്ന നിലയിലാണ്. അമേരിക്കയുള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലെ അപൂര്‍വസുന്ദര കാഴ്ചകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന ‘ഷിജോസ് ട്രാവല്‍ ഡയറി’ എന്ന യൂട്യൂബ് ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുള്ള നിരവധി വീഡിയോസ് വണ്‍ മില്യണ്‍ വ്യൂസ് എന്ന നേട്ടം സ്വന്തമാക്കി.

ഏഷ്യാനെറ്റിന്റെ ഭാഗമായി അമേരിക്കയിലെ നീണ്ട കാല മാധ്യമപ്രവര്‍ത്തനത്തിലൂടെ ഷിജോ പൗലോസ് ഇന്ത്യന്‍ പ്രധാനമന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കളുടെ യു.എസ് സന്ദര്‍ശനങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, വിവിധ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി തുടങ്ങി അനവധി ചരിത്രസംഭവങ്ങളും മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ 300 എപ്പിസോഡുകള്‍ പിന്നിട്ട അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്ററാണ് ഇപ്പോള്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ്, ബര്‍ഗന്‍ കൗണ്ടിയുടെ കമ്യണിറ്റി സര്‍വീസ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഷിജോ സ്വന്തമാക്കിയിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്, ഐക്യരാഷ്ട്രസഭ, ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ എന്നീ സുപ്രധാന വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മീഡിയ അക്രഡിറ്റേഷനുള്ള അപൂര്‍വം മലയാളി മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഷിജോ പൗലോസ്. ഭാര്യ ബിന്‍സിയും മക്കളായ മരിയയും മരീസയും അടങ്ങുന്നതാണ് ഷിജോ പൗലോസിന്റെ കുടുംബം. പ്രവാസി മലയാളികള്‍ക്കിടയിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായും ഇപ്പോള്‍ വീഡിയൊ വ്‌ലോഗ്ഗറായും തിളങ്ങുന്ന ഷിജോ പൗലോസിനാണ് 2023ലെ നാമം എക്സലന്‍സ് പുരസ്‌കാരം.

ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ ്രേശഷ്ഠരെ ആദരിക്കുന്നതിനായാണ് ‘നാമം എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.

കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് പ്രമുഖ പ്രവാസി സംഘടനയായ ‘നാമം’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here