കളമശേരി കുസാറ്റ് ക്യാംപസില്‍ ഗാനസന്ധ്യക്കിടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ ബോധംകെട്ടുവീണു. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രവേശന കവാടത്തിലാണ് തിരക്കുണ്ടായത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലും കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്യാംപസില്‍ നിന്ന് മറ്റു വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. മഴ പെയ്തപ്പോള്‍ പുറത്തു നിന്നവരും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു നടന്നത്.

തിക്കിലും തിരക്കിലും നാലു വിദ്യാര്‍ഥികളാണ് മരിച്ചത്. ടെക് ഫെസ്റ്റ് സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനസന്ധ്യയ്ക്കിടെയാണ് അപകടം. മരിച്ചത് രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്നാണ് വിവരം. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു. ദുഃഖകരമായ സംഭവമെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചെന്നും പി.രാജീവ് പ്രതികരിച്ചു.

തിരക്കില്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലെ ചവിട്ടുപടിയില്‍ മറിഞ്ഞു വീണെന്നു കുസാറ്റ് വി.സി. മനോരമ ന്യൂസിനോട് പറഞ്ഞു. മൂവായിരം പേരെ വരെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

പൊതുജനങ്ങളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നു ദൃക്സാക്ഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here