കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയ സാഹചര്യത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോടതി വിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി, സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും പ്രതികരിച്ചു.
വിഷയത്തിൽ സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ ഇന്ന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ സുപ്രിംകോടതി അദ്ദേഹത്തിന്റെ പുനർനിയമനം അസാധുവാക്കി. നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് ഉൾപ്പെടെ കോടതി നിരീക്ഷിച്ചു. വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാ​ഗത്തുനിന്നും നിയമനത്തിന് സമ്മർദമുണ്ടായി എന്നുൾപ്പെടെ സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here