കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ റിമാന്‍ഡിലായെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി. രണ്ടുകോടി ബാധ്യതയുള്ളവര്‍ പത്തുലക്ഷത്തിനുവേണ്ടി ഇത്രയും റിസ്കെടുക്കുമോ എന്നതാണ് എല്ലാവരുടെയും സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിലുണ്ടായിരുന്നെന്ന് സഹോദരന്‍ പറഞ്ഞ നാലാമനും കേസിലെ ദുരൂഹതയാണ്.

എ.ഡി.ജി.പി അജിത്ത് കുമാര്‍ കേസിനെ കുറിച്ച് വിശദീകരിച്ചു കഴിഞ്ഞപ്പോഴും ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്.

1. പ്രതികളെ കൃത്യത്തിനും അതിനുശേഷവും മറ്റാരെങ്കിലും സഹായിച്ചോ?

2. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരു കുടുംബം ഒരുമിച്ച് ഇത്രയും ആസൂത്രണത്തോടെ കുറ്റകൃത്യം ചെയ്തത് എങ്ങനെ?

3. രണ്ടുകോടി കടമുള്ളവര്‍ പത്തുലക്ഷം രൂപയ്ക്കു വേണ്ടി ഇത്രയും റിസ്കെടുക്കുമോ? അതും സമ്പത്തും സാമൂഹിക പദവിയും വിദ്യാഭ്യാസവുമുള്ള അച്ഛനും അമ്മയും മകളും ചേര്‍ന്ന്?

4. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സഹോദരന്‍ കാറില്‍ കണ്ട നാലാമന്‍ ആര്? പൊലീസ് പറയും പോലെ വെറും തോന്നലോ?

5. തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാന്‍ പദ്ധതിയിട്ട പ്രതികള്‍ ഈ കുട്ടിയിലേക്ക് എങ്ങനെ എത്തി?

6. ഈ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇത്രയും പണം നല്‍കാന്‍ ശേഷിയുണ്ടെന്ന് എങ്ങനെ മനസിലാക്കി?

7. പത്തുലക്ഷത്തിന്‍റെ അടിയന്തര ആവശ്യം വന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷമായി ആസൂത്രണം നടക്കുന്നു എന്നു പറയുന്നതില്‍ വൈരുധ്യമില്ലേ?

8.ഇത്രയും ആസൂത്രണം ചെയ്തവര്‍ എന്തിന് സ്വന്തം കാറിന്‍റെ നമ്പര്‍ മാറ്റാതെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ വന്നു?

9. ചുറ്റുപാടുമുള്ളവര്‍ അനധികൃതമായി പണം സമ്പാദിച്ചത് പ്രചോദനമെന്ന് വാദം. അതിന് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം ഉണ്ടാക്കാം എന്നു തന്നെ തീരുമാനിച്ചതെന്തിന്?

ഇനിയുള്ള അന്വേഷണം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here