കോതമംഗലം മാതിരപ്പള്ളി സ്വദേശിനി ഷോജിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് ഷാജിയെന്ന് ക്രൈംബ്രാഞ്ച്. പതിനൊന്നു വർഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് എട്ടിന് സ്വന്തം വീട്ടിൽനിന്ന് സ്വർണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഭാര്യ കയറിവന്നപ്പോഴായിരുന്നു കൊലപാതകം. മരണമുറപ്പിക്കാൻ ടൈൽ കട്ടർ കൊണ്ട് കഴുത്ത് മുറിച്ചു. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ഷാജി അവർക്ക് പണം നൽകാനാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്.

തൊട്ടടുത്ത് മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷോജി പെട്ടെന്ന് വീട്ടിലേക്ക് കയറി വരികയായിരുന്നു. ഇവരുടെ വീടിന്റെ പണി നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. പണിക്കാർ ചായ കുടിക്കാൻ പോയ സമയത്താണ് മോഷണശ്രമവും കൊലപാതകവും നടന്നത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നെടുത്ത സ്വർണം പ്രതി തിരികെ വച്ചിരുന്നതിനാൽ കൊലപാതക കാരണം അവ്യക്തമായി തുടരുകയായിരുന്നു. ഇതിനിടെ പലവട്ടം ഷാജിയെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു വധശ്രമ കേസിൽ ഷാജി പിടിയിലായതാണ് നിർണായകമായത്. ചോദ്യം ചെയ്യലിൽ ഷോജി വധത്തിന്റെ വിശദാംശങ്ങളും ഷാജി വെളിപ്പെടുത്തി. പ്രതി ഷാജിയുമായി ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തി

2012 ആഗസ്‌റ്റ് എട്ടിന് രാവിലെ 11 നാണ് മാതിരപ്പള്ളി ആയുർവേദ ആശുപത്രിക്കു സമീപമുള്ള വീടിനുള്ളിലെ മുറിയിൽ വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്.

വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യുന്ന രണ്ട് നിർമാണ തൊഴിലാളികൾ ചായകുടിക്കാനായി വീട്ടിൽ നിന്നു പോയിരിക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. വീടിന്റെ പിൻവശത്തെ മുറിയിൽ തറയിൽ വിരിച്ചിരുന്ന പുൽപായയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ രക്‌തംവാർന്നായിരുന്നു ഷോജി കിടന്നത്. ഇവിടെ നിന്ന് 30 പവനോളം സ്വർണം നഷ്‌ടപ്പെട്ടതായി ആദ്യം സംശയിച്ചിരുന്നുവെങ്കിലും കാണാതായെന്നു കരുതിയ സ്വർണത്തിൽ വലിയൊരു ഭാഗം പിന്നീട് കണ്ടെടുത്തു. ആദ്യഘട്ടത്തിൽ വലിയ പ്രതിക്ഷയോടെ മുന്നേറിയ അന്വേഷണങ്ങൾക്ക് പിന്നീട് തളർച്ച ബാധിച്ചു. നാട്ടിൽ പ്രക്ഷോഭങ്ങൾ ഉയർന്നു. ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here