ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ സുരക്ഷ വർധിപ്പിച്ചു പൊലീസ്. എസ് എഫ് ഐ പ്രതിഷേധം കണക്കിലെടുത്താണ് ഗവർണ്ണറുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഗവർണർക്കെതിരായ പ്രതിഷേധത്തെ നേരിടാൻ സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങൾ പൊലീസ് വരുത്തിയിട്ടുണ്ട്. ഇന്ന് മുതൽ കൂടുതൽ പൈലറ്റ് വാഹനങ്ങളും പട്രോളിംഗ് സംഘങ്ങളും ഗവർണ്ണർക്ക് അകമ്പടിയുണ്ടാകും. ഗവർണറുടെ പരിപാടികൾ നടക്കുന്നിടത്ത് കൂടുതൽ പെട്രോളിങ് സംഘങ്ങളെ വിന്യസിച്ച് നീരിക്ഷണവും ഉറപ്പു വരുത്തും.

‘Z+’ കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ സുരക്ഷ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത് സർവ്വകലാശാലയിലെ വിവിഐപി ഗസ്റ്റ് ഹൗസിന്റെ ചുമതല പൊലീസ് ഏറ്റെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഗവർണർ പോകുന്നതുവരെ ക്യാംപസ് കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ പ്രശ്‌നമുണ്ടാക്കുന്നവരെ കണ്ടെത്തി, ആവശ്യമെങ്കിൽ കരുതൽ തടങ്കലിലാക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിൽ മാത്രമല്ല, ഗവർണർ സഞ്ചരിക്കുന്ന വഴിയിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here