കൊച്ചി: കാലടി മറ്റൂരിലെ ശ്രീ ശാരദ വിദ്യാലയയുടെ കലാവേദിയായ ‘സപര്യ’യുടെ മുപ്പത്തിരണ്ടാം വാര്‍ഷികത്തില്‍ വ്‌ലോഗറും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രഷററും ഏഷ്യാനെറ്റ് ക്യാമറമാനുമായ ഷിജോ പൗലോസിനെ ആദരിക്കുന്നു. ഡിസംബര്‍ 22ന് ഉച്ചക്കു മൂന്നരക്കാണ് അവാര്‍ഡ് ചടങ്ങ്. എറണാകുളം കൊറ്റമം സ്വദേശിയായ ഷിജോ പൗലോസ് നീണ്ട രണ്ട് പതിറ്റാണ്ടായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമാണ്. എം.സി.എന്‍ ടിവി ക്യാമറാമാനായി അമേരിക്കയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഷിജോ പിന്നീട് ഷാലോം ടിവിയിലും തുടര്‍ന്ന് ഏഷ്യാനെറ്റിലും എത്തി.

ചാനലിലെ പ്രതിവാര വാര്‍ത്താ പരിപാടിയായ യു.എസ് വീക്കിലി റൗണ്ട് അപ്പില്‍ പങ്കെടുത്തു കൊണ്ടായിരുന്നു തുടക്കം. ഏഷ്യാനെറ്റിലെ നീണ്ട കാലത്തെ പ്രവര്‍ത്തനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരടക്കം ഉന്നത നേതാക്കളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും യു.എസ് സന്ദര്‍ശനങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, വിവിധ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി തുടങ്ങി അനവധി ചരിത്രസംഭവങ്ങളും നേരിട്ട് മലയാളി പ്രേക്ഷകരിലെത്തിക്കാന്‍ ഷിജോവിനായി.

മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുന്നതിനിടെയാണ് ഒരു വ്‌ലോഗ്ഗര്‍ എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ ഷിജോ ശ്രദ്ധേയനാവുന്നത്. ഷിജോസ് ട്രാവല്‍ ഡയറി എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെയും അനവധി വിദേശരാജ്യങ്ങളിലെയും അപൂര്‍വ സുന്ദരമായ കാഴ്ചകള്‍ ഷിജു പ്രേക്ഷകരിലേക്ക് എത്തിച്ചു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഷൂട്ട് ചെയ്തു ഷിജോസ് ട്രാവല്‍ ഡയറിയിലൂടെ പുറത്തു വന്ന നിരവധി വീഡിയോകള്‍ക്ക് 1 മില്യണ്‍ views എന്ന നേട്ടം സ്വന്തമാക്കാനായിട്ടുണ്ട്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ്, ബര്‍ഗന്‍ കൌണ്ടിയുടെ കമ്യണിറ്റി സര്‍വീസ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഈ കാലയളവില്‍ ഷിജോ സ്വന്തമാക്കി. യുഎസ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഐക്യരാഷ്ട്രസഭ, ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ എന്നീ സുപ്രധാന വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മീഡിയ അക്രഡിറ്റേഷനുള്ള അപൂര്‍വം മലയാളി മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയായ ഷിജോ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ പ്രശസ്തമായ ട്വിലൈറ് മീഡിയ പ്രൊഡക്ഷന്‍ കമ്പനിയുടെ അമരക്കാരന്‍ കൂടിയാണ്

ന്യൂവാര്‍ക്കില്‍ നഴ്‌സായി പ്രവര്‍ത്തിക്കുന്ന ഭാര്യ ബിന്‍സിയും മക്കള്‍ മരിയയും, മരീസയുമാണ് എല്ലാ ഉദ്യമങ്ങളിലും ഷിജോയ്ക്ക് കരുത്തായി ഒപ്പം നില്‍ക്കുന്നത്. കൊറ്റമം സ്വദേശിയായ പരേതനായ പൗലോസിന്റെ മകനാണ് ഷിജോ. മാതാവ് മേരി പൗലോസ് നാട്ടിലാണുള്ളത്. പതിറ്റാണ്ടുകള്‍ നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് പ്രവാസി മലയാളികള്‍ക്കിടയിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായും ഇപ്പോള്‍ വീഡിയൊ വ്‌ലോഗ്ഗറായും മാറാന്‍ ഷിജോയ്ക്ക് സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here