തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് ഉപേക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ബിഗ് എഫ്എം നടത്തുന്ന വന്ദേ കേരളം പരിപാടിയുടെ ഏഴാം സീസണ് തുടക്കമായി. ഇതിന്റെ ഭാഗമായി ആര്‍ജെ ഫിറോസ് നടത്തുന്ന ഏഴുദിവസത്തെ നിരാഹാര ബോധവല്‍ക്കരണയാത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കാന്റര്‍ വാനില്‍ നടത്തുന്ന നിരാഹാരയാത്ര നാളെ (ഡിസംബര്‍ 24) തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിക്കും.

ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെയും പൊതുജനപിന്തുണയോടെയും എങ്ങനെ മയമക്കുമരുന്ന് ഉപയോഗത്തെ മറികടക്കാമെന്നും പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാമെന്നുമുള്ള ആശയവിനിമയത്തിനാണ് ഈ സീസണിലെ വന്ദേ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി യുവാക്കളും ആരോഗ്യരംഗത്തെ വിദഗ്ധരും നിയമവിദഗ്ധരുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായുള്ള സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. കേരളത്തിലുടനീളമുള്ള ആളുകളുടെ പിന്തുണ തേടുന്നതിന് ഒപ്പുശേഖരണവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.

പരിപാടി സമാപിക്കുമ്പോള്‍ 9270 ഒപ്പുകളാണ് ലക്ഷ്യമിടുന്നത്. സമാപന പരിപാടിയുടെ ഭാഗമായി ജനപ്രിയ ബാന്‍ഡ് ആയ ‘ഗ്രാമഫോണിന്റെ’ സംഗീതപരിപാടിയും മൊമന്റോ വിതരണവും നടക്കും. ഒപ്പുശേഖരണം നടത്തിയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തിയും നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഇത് ഏഴാമത്തെ തവണയാണ് ആര്‍ജെ ഫിറോസ് സമരമുഖത്തിറങ്ങുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്തും മയക്കുമരുന്നിനെതിരായ ക്യാമ്പെയ്നുകളിലും സജീവ സാന്നിധ്യമാണ് മോര്‍ണിംഗ് ഷോ, ബിഗ് പോസിറ്റീവ് ഹോസ്റ്റ് കൂടിയായ ആര്‍ജെ ഫിറോസ്.

സാമൂഹികപ്രശ്നങ്ങളില്‍ ഉത്തരവാദിത്തത്തോടെ ഇടപെടുവാനുള്ള ബിഗ് എഫ്എമിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടിക്കു പിന്നിലെന്ന് ബിഗ് എഫ്എം സിഒഒ സുനില്‍ കുമാരന്‍ പറഞ്ഞു.’മയക്കമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചു, ബിഗ് എഫ്എമ്മിന്റെ വന്ദേ കേരളം സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ആര്‍ജെ ഫിറോസ് പറഞ്ഞു ‘

ബിഗ് എഫ്എം ഏറ്റവുമധികം കാലം നടത്തിയിട്ടുള്ളതും വിജയം കൈവരിച്ചിട്ടുള്ളതുമായ സംരംഭമാണ് ‘വന്ദേ കേരളം’. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് സംരംഭം വഴിതുറന്നത്. ഡിസംബര്‍ 24-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ജെ ഫിറോസ് തന്റെ സമരം അവസാനിപ്പിക്കുന്നതോടെ സംരംഭത്തിന്റെ ഏഴാം സീസണ്‍ അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here