പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം നടത്തിയതോടെ തൃശ്ശൂരിൽ യൂത്ത് കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. സുരക്ഷയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം ബിജെപി തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. വേദിയിൽ ചാണകവെള്ളം തളിക്കാൻ KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം അണപൊട്ടി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ സ്ഥലത്തെത്തി. പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനാണ് കെ എസ് യു പ്രവർത്തകർ എത്തിയതെന്നും ഇത് അനുവദിക്കാനാവില്ലെന്നും കെ കെ അനീഷ് കുമാർ പറഞ്ഞു. ഒരു മണിക്കൂറിലേറെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.

പ്രധാനമന്ത്രി എത്തിയ തൃശൂർ തേക്കിൻ കാട് മൈതാനത്തിലെ നായ്ക്കനാലിൽ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സുരക്ഷയുടെ പേരിൽ രണ്ട് ദിവസം മുമ്പ് വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിൻറെ കൊമ്പുകൾ വെട്ടിമാറ്റിയിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാനിഷാദ എന്ന പേരിൽ സമരം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാൻ ബിജെപി നേതാക്കളും എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമായി.

ചാണകവെള്ളം തളിക്കാൻ കേരള പൊലീസ് സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ കെ അനീഷ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here