തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ഒന്നാം പ്രതി സവാദിന്റെ ഭാര്യ പ്രതികരണവുമായി രംഗത്ത്. സർട്ടിഫിക്കറ്റിൽ സവാദ് എന്ന പേര് മാത്രമാണ് കണ്ടതെന്നും മറ്റു കാര്യങ്ങളൊന്നും അറിയില്ലായിരുന്നെന്നും ഇവർ പറയുന്നു. സവാദ് പിടിയിലായതിന് ശേഷമാണ് മറ്റ് കാര്യങ്ങൾ അറിഞ്ഞതെന്നും ഭാര്യ. എല്ലാ കാര്യങ്ങളോടും പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ട് നിരോധനമാണ് പ്രതി സവാദിനെ കുടുക്കിയത് . പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. കേരളത്തിൽ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്.

സവാദ് ഫോൺ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയിൽ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജൻസി പറയുന്നു. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചു.

ഇളയകുട്ടിയുടെ ജനന സർട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയാണ് ഇയാൾ കേരളത്തിൽ തുടർന്നത്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു. ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി.

എട്ടുവർഷം മുൻപ് ഇയാൾ കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി. തുടർന്ന് എസ്ഡിപിഐക്കാരാനായ റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here