സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പുസ്തകം വൻവിവാദമാകുന്നു. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ പാര്‍ട്ടിയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച ‘ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വിമർശനം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലാണ് പരാമർശം. ഡൽഹിയിൽ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങൾ.

നിരന്തരം സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയിൽ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. നേരത്തെ കൊൽക്കത്ത പാര്‍ട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.

അതെസമയം, ഓർമക്കുറിപ്പിലെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ആരോപണവുമായി ബൃന്ദ കാരാട്ട് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ വാർത്തയുടെ തലക്കെട്ട് അപലപനീയമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. പാർട്ടിയിൽ നിന്നും അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here