എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ കൂലിക്കെടുത്തവരാണെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധക്കാർ ദൂരെ നിന്ന് കരിങ്കൊടി കാണിക്കുകയല്ല, തന്റെ കാറിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നെന്നു ഗവർണ്ണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. നിയമവാഴ്ചയുടെ തകർച്ച വച്ചുപൊറുപ്പിക്കില്ലെന്നും നിയമസംഹിതയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും ഗവർണ്ണർ ആരോപിച്ചു.

അതേസമയം എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ​ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലിൽ വെച്ചാണ് ​ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here