പോയ കാലത്തിന്റെ ഓർമ്മകളിലാണ് പലപ്പോഴും മനുഷ്യർ സഞ്ചരിക്കുന്നത്. അങ്ങനെ ഒരു കാലത്തിലൂടെ ക്രിയാത്മകമായി സഞ്ചരിച്ച കുറേയാളുകളുടെ ജീവിതത്തെക്കുറിച്ച് ഇനി പറയാം. എഴുപതുകളിലും എൺപതുകളിലും അനേകം സ്വപ്‌നങ്ങളുമായി കടലുകടന്ന് അമേരിക്കയിൽ പോയ കുറേ മനുഷ്യരുടെ കഥയാണിത്. പതിറ്റാണ്ടുകൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ അവർക്കെല്ലാം തോന്നി മടങ്ങിയെത്തിയവരുടെ ഒരു കൂട്ടായ്മ ആയാലോ എന്ന്. ആ ചിന്തയ്ക്ക് നൂറുമടങ്ങ് മൂല്യമുണ്ടായിരുന്നു. ഇപ്പോൾ ഫ്രണ്ട്‌സ് ഒഫ് അമേരിക്ക റിട്ടേൺഡ് മലയാളി അസോസിയേഷൻ എന്ന പേരിൽ ആ സംഘടന സാർത്ഥകമായി മുന്നോട്ട് പോകുകയാണ്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ, അല്ലെങ്കിൽ നാട്ടിലും അമേരിക്കയിലുമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുറേയാളുകളുടെ സ്വപ്‌നമാണ് ഈ കൂട്ടായ്മ. തങ്ങളുടെ കയ്യിലൊതുങ്ങുന്ന സന്നദ്ധപ്രവർത്തനങ്ങളും ഒത്തുചേരുമ്പോഴുള്ള സന്തോഷവുമാണ് ഇവർക്ക് ഏറ്റവും വലുത്.

എറണാകുളം സ്വദേശിയായ വി.പി. മേനോന്റെ മനസിൽ ഉദിച്ച ഒരു ആശയത്തിൽ നിന്നാണ് ഈ സംഘടനയുടെ തുടക്കം. മേനോനും കുറച്ച് സുഹൃത്തുക്കളും ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. വി.പി. മേനോന്റെ സുഹൃത്തായിരുന്നു കോട്ടയം പുതുപ്പള്ളി സ്വദേശിയും ഫൊക്കാന മുൻ സെക്രട്ടറിയും ആയിരുന്ന മാത്യു കൊക്കുറ. മേനോന്റെ ആവശ്യപ്രകാരമാണ് മാത്യുവും സംഘടനയിലേക്ക് വന്നത്. ഇപ്പോൾ പ്രസിഡന്റാണ് മാത്യു കൊക്കുറ. എറണാകുളത്തെ ഡോ. ജോർജ് മരങ്ങോലി, മനലാലിൽ തോമസ്, അലക്‌സ് കോശി വിളനിലം ഇങ്ങനെ കുറച്ചു സുഹൃത്തുക്കൾ സംഘടനയുടെ തുടക്കം മുതലേ സജീവമായുണ്ട്.

ഇടയ്ക്ക് ഒന്നിച്ചു കാണാമല്ലോ എന്നായിരുന്നു സംഘടനയുടെ തുടക്കത്തിലെ ചിന്ത. കൂട്ടായ്മകൾ രൂപപ്പെട്ടു തുടങ്ങിയപ്പോഴാണ് സംഘടനയ്ക്ക് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ടായത്. എല്ലാവരും പരസ്പരം കാണുന്നത് തന്നെ സന്തോഷമായിരുന്നു. കുറേയധികം ഓർമ്മകൾ അമേരിക്കയിലും നാട്ടിലുമായി പങ്കിടാനുണ്ടായിരുന്നു. ആദ്യത്തെ പ്രവർത്തനങ്ങളൊക്കെ എറണാകുളത്തൊയിരുന്നു. ഇടയ്ക്ക് യാത്രകൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന സംശയമുണ്ടായപ്പോൾ പ്രവർത്തനങ്ങൾ കോട്ടയത്തേക്ക് മാറി. ആദ്യത്തെ രണ്ടുവർഷം ഉഷാറായിരുന്നു കാര്യങ്ങൾ. കൊവിഡ് കാലത്ത് ലോകം നിശ്ചലരായി മനുഷ്യർ പറക്കാനാവാതെ കൂടുകളിൽ കുടുങ്ങിയപ്പോൾ അമേരിക്കയിൽ നിന്നും തിരിച്ചെത്തിയവരും ആ പാകപ്പെടലിന് ഒരുങ്ങി. മുന്നോട്ടു പറക്കാനുള്ള ഊർജ്ജം കണ്ടെത്തുന്നതിനായിരുന്നു ആ കാലത്തെ കരുതിവച്ചത്. 2022 മുതൽ പ്രവർത്തനങ്ങൾ സജീവമായി, കൂട്ടായ്മകൾ നടന്നു. ഇടയ്ക്ക് ചിലർ ജീവിതത്തിൽ നിന്നും പിരിഞ്ഞു പോയത് നൊമ്പരമായെങ്കിലും മറ്റുള്ളവർക്ക് വേണ്ടി മുന്നോട്ടേക്ക് പോയേ മതിയാവുമായിരുന്നുള്ളൂ.

കഴിഞ്ഞവർഷവും ഈ വർഷവും ഒത്തുചേരലുകളും മറ്റു പ്രോഗ്രാമുകളും ഭംഗിയായി നടന്നു. ചാരിറ്റി വർക്കുകളാണ് പ്രധാനം. ഓരോരുത്തരും അവരവരുടെ ഗ്രാമത്തിൽ സമൂഹത്തിന്റെ ഭാഗമായി തന്നെ കൂട്ടായും ഒറ്റയ്ക്കും സന്നദ്ധപ്രവർത്തനങ്ങൾ നടത്താറുണ്ടെങ്കിലും ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായി എന്തു ചെയ്യണമെന്ന നിലയിൽ ആലോചിക്കണമെന്ന അഭിപ്രായം ഉയർന്നു വന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ മലയാളി നഴ്‌സുമാരാണല്ലോ. ഇന്നും ലോകം മുഴുവൻ മലയാളി നഴ്‌സുമാരെ അവരുടെ മികവ് കൊണ്ടു തന്നെ അംഗീകരിക്കുന്നു. അതുകൊണ്ടു തന്നെ ആ മേഖലയിൽ മികവിന് ഏതെങ്കിലും രീതിയിൽ അംഗീകാരം നൽകാമെന്ന് തീരുമാനമായി. കുറേയേറെ ആലോചനകൾക്ക് ശേഷമാണ് ഏറ്റവും മികച്ച നഴ്‌സിന് പുരസ്‌കാരം നൽകാമെന്ന് തീരുമാനിച്ചത് .

അങ്ങനെയാണ് ഏറ്റവും മികച്ച നഴ്‌സിനുള്ള ഫ്‌ളോറൻസ് നൈറ്റിംഗൽ ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ലഭിച്ച കൊല്ലം സ്വദേശിനി സൂസൻ ചാക്കോയ്ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്. അങ്ങന ഫ്രണ്ട്‌സ് ഓഫ് അമേരിക്ക റിട്ടേൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൂസൻ ചാക്കോയ്ക്ക് ഇരുപത്തയ്യായിരം രൂപയുടെ അവാർഡ് നൽകി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയത്ത് നടന്ന സമ്മേളനത്തിൽ അവാർഡ് നൽകിയത്. സമ്മേളനത്തിൽ അലക്‌സ് കോശിവിളനിലം, പോൾ കറുകപ്പള്ളി, ഫാം പ്രസിഡന്റ് മാത്യു കൊക്കുറ, എൻ. എം. ജോസഫ്, സ്റ്റാൻലി പോളച്ചേരിൽ, ലീല മാരേട്ട്, ഫാം ജനറൽ സെക്രട്ടറി ഇട്ടിക്കുഞ്ഞ് എബ്രഹാം, ഡോ. കല ഷഹി, ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, മാധവൻ നായർ, രാജൻ എബ്രഹം, ജോണി കുരുവിള എന്നിവർ പങ്കെടുത്തു.

നിറഞ്ഞ സദസിൽ സംഘടിപ്പിച്ച പരിപാടി അസോസിയേഷനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായി. ഏറ്റവും അനുയോജ്യയായവർക്ക് തന്നെ പുരസ്‌കാരം നൽകാൻ സാധിച്ചതാണ് മറ്റൊരു സന്തോഷം. പരിപാടിയെ ഏറെ അഭിനന്ദിച്ച ഫൊക്കനാ പ്രസിഡന്റ് ബാബു സ്റ്റീഫൻ ഇനിയുള്ള അവാർഡുകളിൽ സ്‌പോൺസർഷിപ്പ് നൽകാമെന്ന് പറഞ്ഞതാണ് മറ്റൊരു സന്തോഷം. ഒരു ലക്ഷം രൂപയുടേതാണിത്. ഇപ്പോൾ കോഴിക്കോട് ജോലി ചെയ്യുന്ന സൂസൻ ചാക്കോ നഴ്‌സിംഗ മേഖലയിൽ ഒട്ടെേറ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്

പുതുപ്പള്ളി സ്വദേശിയായ അസോസിയേഷന്റെ അമരക്കാരൻ മാത്യു കൊക്കുറ ഇടയ്ക്ക് അമേരിക്കയിലേക്ക് ഇപ്പോഴും പോകാറുണ്ട്. ഇരുപത് വയസിലായിരുന്നു ആദ്യത്തെ യു.എസ് യാത്ര.
സഹോദരി അവിടെ നഴ്‌സായിരുന്നു. ബോംബെയിൽ ജോലി ചെയ്യുമ്പോഴായിരുന്നു യു.എസിലേക്ക് പോയത്. നാലുപതിറ്റാണ്ടോളം അവിടെ കഴിഞ്ഞു. ഡിഫൻസ് കമ്പനിയിൽ ജോലി ചെയ്യുമ്പാഴായിരുന്നു സ്വയം വിരമിച്ച് നാട്ടിലെത്തിയത്. അതിനൊരു കാരണമുണ്ടായിരുന്നു. അമ്മയെ നോക്കാനായിരുന്നു ആ യാത്ര. ജ്യേഷ്ഠന്റെ മരണശേഷം ആ ഉത്തരവാദിത്തം കൂടെ ഏറ്റെടുത്തു. മാത്യുവിന്റെ മടിയിൽ കിടന്ന് കയ്യിൽ പിടിച്ചായിരുന്നു അമ്മ ലോകം വിട്ടു പോയത്. ഇപ്പോൾ പുതുപ്പള്ളിയിലാണ് താമസിക്കുന്നത്.

2016 ൽ പുതുപ്പള്ളി പള്ളി ട്രസ്റ്റി ആയിരുന്നു. യു.എസിലും സഭാപ്രവർത്തനങ്ങളുണ്ടായിരുന്നു. നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. മാത്യുവിന്റെ സഹോദരിയും പുതുപ്പള്ളിയുടെ ഹൃദയമിടിപ്പായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. മാത്യുവിന്റെ ഭാര്യ ചിന്നമ്മ എന്ന് വിളിക്കുന്ന അന്നക്കുട്ടി കൊക്കുറ സജീവപിന്തുണയായി കൂടെയുണ്ട്. മാത്യു കൊക്കുറയുടെ മക്കളായ എംസൺ കൊക്കുറയും മാറ്റ്‌സൺ കൊക്കുറയും കുടുംബവും യു.എസിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here