തിരുവന്തപുരം: സപ്ലൈകോയിലെ വിലവര്‍ധന നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സബ്മിഷന് നോട്ടീസ് നല്‍കിയത്. സഭ അറിയാതെ എടുത്ത വിലകൂട്ടാനുള്ള തീരുമാനം അപകടകരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വില വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വില കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. എന്നിട്ട് പുറത്ത് തീരുമാനമെടുത്തു. മാധ്യമങ്ങളോടും പറഞ്ഞു. ഇത് സഭയോടുള്ള അവഹേളനമാണ്. ഒരു കാരണവശാലം സപ്ലൈകോ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കരുത്. വിലകൂട്ടിയാല്‍ പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകും. അപകടകരമായ തീരുമാനമാണിത്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സബ്സിഡി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. 2014ലാണ് ഒടുവില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയത്. പത്ത് വര്‍ഷക്കാലമായി വിലയില്‍ വലിയ വ്യത്യാസം വന്നു. വിപണി ഇടപെടലിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം 35 കോടതി ബാധ്യതയുണ്ടായി. വര്‍ഷം 425 കോടിയാണ് ബാധ്യത. വില യുക്തിസഹമായി പരിഷ്‌കരിക്കണമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സബ്സിഡി വില കൂട്ടിയതെന്നും മന്ത്രി അറിയിച്ചു.

മന്ത്രി പറഞ്ഞത് അവാസ്തവമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. സ്പീക്കറുടെ മുഖം മറക്കുന്ന രീതിയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കേരളം കൊള്ളയടിച്ച് പിവി ആന്റ് കമ്പനി എന്നായിരുന്നു ബാനര്‍. സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഭരണ-പ്രതിപക്ഷ മുദ്രാവാക്യം വിളികളുമായി സഭ പ്രക്ഷുബ്ദമായി. പിന്നീട് ഭരണപക്ഷാംഗങ്ങള്‍ തിരിച്ചുകയറിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചത്.

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് സമ്മാനമാണ് വിലക്കയറ്റമെന്ന് ടി സിദ്ദിഖ് എംഎല്‍എ ഇന്ന് സഭയില്‍ വിമര്‍ശിച്ചിരുന്നു. വില വര്‍ധിപ്പിക്കാനുള്ള ഉപകരണമായി സപ്ലൈകോ മാറിയെന്നും അദ്ദേഹം ടി സിദ്ദിഖ് ആരോപിച്ചു. വില വര്‍ധിപ്പിക്കില്ലെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തത്. മോദി ഗ്യാരണ്ടി പോലെയാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങും. ബജറ്റില്‍ വകയിരുത്തിയ തുക പരിമിതമാണ്. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിപണിയില്‍ വിലക്കയറ്റം പ്രതിഫലിക്കുമെന്ന് അനൂപ് ജേക്കബ് വിമര്‍ശിച്ചു. പൊതുവിതരണ വിപണി താളം തെറ്റി. ഇത് ജനങ്ങളെ നേരിട്ട് ബാധിക്കും. സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കാത്തതാണ് പ്രധാന പ്രശ്നം. സര്‍ക്കാരിന്റെ നയപരമായ പാളിച്ചയുടെ ഫലമാണിത്. സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിന് സാഹചര്യം ഒരുക്കുകയാണ്. സര്‍ക്കാര്‍ പാക്കേജ് കൊണ്ടുവരണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here