പുല്‍പ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട്ടില്‍ ശക്തമായ ജനരോഷം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതില്‍ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതല്‍ ജനങ്ങള്‍ ഇവിടേക്ക് സംഘടിച്ചു. വളരെ വൈകാരികമായാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജീവനക്കാരനെ പ്രതിഷേധക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

ഇതിനിടെയാണ് കേണിച്ചിറയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡവുമായി ചിലര്‍ എത്തിയതും ജഡം വാഹനത്തിന്റെ ബോണറ്റില്‍ വച്ചുകെട്ടിയതും. വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരെയുണ്ടായി. പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ വൈദികരുടെ സഹായത്തോടെ പൊലീസ് നീക്കം നടത്തുകയാണ്. ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹാം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേൃത്വത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ ജനങ്ങളെ അറിയിച്ചു. 11 ലക്ഷം ആദ്യം നല്‍കും. ഭാര്യക്ക് സ്ഥിരം ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കാനുള്ള ശുപാര്‍ശ ചെയ്യുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here