തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്സ് കോളജ് പരിസരത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള നാടോടി ബാലികയെ ഇനിയും കണ്ടെത്താനായിട്ടില്ല. ബ്രഹ്‌മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. രാത്രി 12 മണിക്ക് ശേഷം കടന്നുപോകുന്ന ബൈക്കില്‍ രണ്ടുപേര്‍ക്കൊപ്പം കുട്ടിയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുട്ടിയെ കാണാതായതിന് സമീപത്തു നിന്നുള്ള സിസിടിവികളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. എയര്‍പോര്‍ട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചു വരികയാണ്. സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ മുഴുന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നില്‍നിന്നപ്പോള്‍ സ്‌കൂട്ടറില്‍ കുട്ടിയുമായി രണ്ടു പേര്‍ പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here