കോഴിക്കോട്: സിപിഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.

വളരെ ആകസ്മികമായി ഉണ്ടായ കൊലപാതകമാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശക്തികളെയും പുറത്ത് കൊണ്ടുവരാന്‍ കഴിയണം. സത്യനാഥനെ ആക്രമിച്ച അഭിലാഷ് പാര്‍ട്ടി മെമ്പറായിരുന്നു. പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയനായപ്പോള്‍ പാര്‍ട്ടി ഇയാളെ പുറത്താക്കിയതാണ്. പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ശേഷവും ഇയാള്‍ തെറ്റായ നിലപാടുകളാണ് സ്വീകരിച്ചത്. നിലവില്‍ അഭിലാഷിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വ്യക്തിപരമായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സത്യനാഥനെതിരെ വലിയ പക ഇയാള്‍ മനസില്‍ കൊണ്ടുനടന്നിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ന് രാത്രിയാണ് സത്യനാഥന്റെ ശവ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൂന്ന് മണിയോടെ കൊയിലാണ്ടിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വീട്ടില്‍ സംസ്‌കാരം നടത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സത്യനാഥന്റെ ശരീരത്തില്‍ ആറ് മുറിവുകളാണ് കണ്ടെത്തിയത്. ഇതില്‍ കഴുത്തിലും നെഞ്ചിലുമുള്ളത് ആഴത്തിലുള്ള മുറിവുകളാണ്. ഇവയാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സത്യനാഥന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.

സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പുളിയോറ വയലില്‍ പി വി സത്യനാഥന് (66) പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ച് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. സത്യനാഥനെ വെട്ടിയ പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ അണേല മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുന്‍ ചെയര്‍പഴ്സന്റെ ഡ്രൈവറുമായിരുന്നു. വെട്ടേറ്റ സത്യനാഥനെ അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here