കേരള സർവകലാശാല കലോത്സവ കോഴ ആരോപണത്തിൽ സി.പി.എം നേതൃത്വത്തിന് എസ്.എഫ്.ഐ ഭാരവാഹിയുടെ പരാതി. സംഘടനയുടെ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ തനിക്ക് അഞ്ചു ലക്ഷം വാഗ്ദാനം ചെയ്തെന്നാണ് പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് യുടെ പരാതി.

കലോത്സവം കേരള സർവകലാശാലയ്ക്ക് നാണക്കേടായതിന് പിന്നിൽ എസ്.എഫ്.ഐയിലെ പ്രശ്നങ്ങളും. നടപടിക്കു വിധേയനായി പുറത്തായ മുൻ ജില്ലാ ഭാരവാഹിയിലേക്കാണ് സംഘടനയ്ക്കുള്ളിൽ ആരോപണം ഉയർന്നിരിക്കുന്നത്. പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികർത്താക്കളുടെ ചുമതലക്കാരനുമായ എ.എ. അക്ഷയ് ആണ് ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. വിധികർത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കണം എന്നാവശ്യപ്പെട്ടാണ് മുൻ ഭാരവാഹി സമീപിച്ചത് എന്ന് അക്ഷയ് പറയുന്നു. ഇതിന് അഞ്ചുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആദ്യം ഈ ആരോപണം വന്നത്. തുടർന്ന് എസ്എഫ്ഐ വിജിലൻസിന് പരാതി നൽകി. പിന്നാലെയാണ് പാർട്ടി നേതൃത്വത്തെയും സമീപിച്ചിരിക്കുന്നത്. കലോത്സവം അലങ്കോലമാക്കിയത് കെ.എസ്.യുവും എ ബി വി പിയും ആണെന്നായിരുന്നു ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദം.

കോഴയാരോപണത്തിന് വിധേയനായ മാർഗംകളി വിധികർത്താവ് ഷാജി ആത്മഹത്യ ചെയ്തിരുന്നു. അക്ഷയ് ഉൾപ്പടെയുള്ള എസ്.എഫ്.ഐക്കാർ ചേർന്ന് ഷാജിയെ മർദിച്ചെന്ന് നൃത്താധ്യാപകനും കോഴ കേസിൽ ആരോപണ വിധേയനുമായ ജോമറ്റ് ആരോപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here