ആലുവയില്‍നിന്ന് മൂന്നുപേരെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം റെന്റ് എ കാര്‍ സംഘത്തെ കേന്ദ്രീകരിച്ച്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാര്‍ വാടകയ്ക്കെടുത്തു നല്കിയ രണ്ടുപേര്‍ തൃശൂരില്‍നിന്ന് പിടിയിലായി.  കുറ്റകൃത്യത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് ആലുവ റൂറല്‍ എസ്.പി വൈഭവ് സക്സേന പറഞ്ഞു.

അടിമുടി ദുരൂഹത, ആലുവ തട്ടിക്കൊണ്ടുപോകല്‍ േകസില്‍ നിലവിലെ അന്വേഷണം പലവഴി പിരിഞ്ഞ് പോകുംതോറും ദുരൂഹത ഏറുകയാണ്. ആലുവ റയില്‍വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍‍ഡിനുമിടയില്‍നിന്ന് ഇന്നലെ രാവിലെ ഏഴിന് ഒരാളെ തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്സാക്ഷി മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ തട്ടിക്കൊണ്ടുപോയെന്നായി. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം കണിയാപുരം കായല്‍തീരത്തുനിന്ന് കാര്‍ കണ്ടെത്തി. നാട്ടുകാരുടെ മൊഴിപ്രകാരം കാറിലുണ്ടായിരുന്ന ആറുപേര്‍ മതില്‍ ചാടിയാണ് രക്ഷപെട്ടുപോയത്. ഇതോടെയാണ് പ്രതികളും ഇരകളും പരസ്പരം അറിയുന്നവരെന്ന് സംശയം ബലപ്പെട്ടത്. കേസില്‍ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നും എറണാകുളം റൂറല്‍ എസ്.പി. വൈഭവ് സക്സേന പറഞ്ഞു.

കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയ അഞ്ചല്‍ സ്വദേശി റിയാസും, ഇയാളുടെ കൂട്ടാളിയുമാണ് തൃശൂരി‍ല്‍നിന്ന് പിടിയിലായത്. പത്തനംതിട്ട കുമ്പഴ സ്വദേശിയുടെ കാര്‍ പത്തനംതിട്ട എ.ആര്‍.ക്യാംപിലെ എഎസ്ഐ സുരേഷ് കുമാറാണ് വാടകയ്ക്കെടുത്ത് റിയാസിന് നല്‍കിയത്. എ.എസ്.ഐയുടെയും മൊഴിയെടുത്തു. അഞ്ചാലുംമൂട്ടിലുള്ള അന്‍വറിന് വാഹനം കൈമാറിയെന്നാണ് റിയാസിന്റെ വിശദീകരണം. കേസിലെ പ്രതികളെയും ഇരകളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഇതിനിടെ ഫോറന്‍സിക് പരിശോധനയ്ക്കുശേഷം കാര്‍ ആലുവയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here