കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരി പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെന്‍ഷന്‍. 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി. വിസിയുടെ ഉത്തരവ് പിന്‍വലിച്ചാണ് സസ്പെന്‍ഷന്‍. വൈസ് ചാന്‍സലര്‍ പി സി ശശീന്ദ്രന്റെ രാജിക്ക് പിന്നാലെയാണ് സസ്പെന്‍ഷന്‍ പുനസ്ഥാപിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. ഏഴ് ദിവസം കൂടി സസ്പെന്‍ഷന്‍ തുടരും.

കുറ്റവിമുക്തരാക്കിയെന്നായിരുന്നു വിസിയുടെ ഉത്തരവ്. സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നാലെ സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ആന്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്പെന്‍ഡ് ചെയ്ത 90 പേരില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വിസിയുടെ ഇടപെടലുണ്ടായത്. പിന്നാലെയാണ് വിസിയുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ നീക്കം. ഇതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍ രാജി കത്ത് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here