തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടുകൾ പെട്ടിയിലാകും മുൻപേ തന്നെ തങ്ങളുടെ പെട്ടിയിൽ വീഴുന്ന വോട്ടുകളെപ്പറ്റിയുള്ള കണക്കെടുപ്പിലും ചർച്ചകളിലുമാണ് പാർട്ടി പ്രവർത്തകർ. വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോൾ കൂട്ടലും കിഴിക്കലും വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങളുമായി സജീവമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ. ത്രികോണ മത്സരങ്ങളെറെ നടക്കുന്ന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലയെന്ന നിലയിൽ തലസ്ഥാന ജില്ലയിലെ പോരാട്ടത്തിന് വീര്യമേറുന്നു. വേനൽമഴയിൽ ശരീരത്തിന് കുളിരൊക്കെയുണ്ടെങ്കിലും പ്രവർത്തകരുടെ നെഞ്ചിലാകെ ചൂടാണ്. തങ്ങളുടെ സ്ഥാനാർത്ഥിയുടെ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. പോളിംഗ് ശതമാനം പൊതുവേ കുറയാറുള്ള നഗരകേന്ദ്രങ്ങളിൽ മഴയുടെ വെല്ലുവിളിയെയും അവഗണിച്ച് ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണവർ. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം രാഷ്ട്രീയ നേതാക്കളെപ്പോലെ തന്നെ ജനങ്ങൾക്ക് സുപരിതിതനായ ബിജു രമേശും മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെ കാഴ്ചകളിങ്ങനെ.

ഭൂരിപക്ഷം പറഞ്ഞ് യു.ഡി.എഫ്

സ്റ്റാച്യുവിലെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ചെല്ലുമ്പോൾ ഒരു വശത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.കെ. വേണുഗോപാൽ ചില പ്രവർത്തകരുമായി ചർച്ച നടത്തുന്ന കാഴ്ചയാണ് കണ്ടത്. 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.എസ് ശിവകുമാർ ജയിക്കുമെന്ന കാര്യത്തിൽ പ്രവർത്തകർക്ക് സംശയമില്ല. മണ്ഡലത്തിൽ പതിറ്റാണ്ടുകൾ കൊണ്ടുണ്ടാകേണ്ട വികസനങ്ങൾ അഞ്ചു വർഷം കൊണ്ടുണ്ടാക്കിയ സ്ഥാനാർത്ഥിയെ ജനങ്ങൾ കൈവിടില്ലെന്നാണ് ഇവരുടെ പക്ഷം. ത്രികോണ മത്സരമായതിനാൽ മത്സരം ആരൊക്കെ തമ്മിലാണെന്ന ചോദ്യത്തിന് ബൂത്തുകളുടെ കണക്ക് പറഞ്ഞായിരുന്നു മറുപടി. തീരദേശമേഖല ഉൾപ്പെടുന്ന 52 ബൂത്തുകളിൽ എൽ.ഡി.എഫുമായും ബാക്കി 98 ബൂത്തുകളിൽ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ മത്സരമത്രെ. നല്ല സ്ഥാനാർത്ഥികളെ നിറുത്തുന്നതിൽ എതിർ മുന്നണികൾ പരാജയപ്പെട്ടെന്നാണ് യു.ഡി.എഫിന്റെ വാദം. അവസാനനിമിഷം കാലു മാറി വന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയും രാഷ്ട്രീയമെന്തെന്ന് പോലുമറിയാത്ത ബി.ജെ.പി സ്ഥാനാർത്ഥിയെയും ജനം തള്ളും. ജാതിസമവാക്യങ്ങളെക്കാൾ വികസനത്തിനാകും ജനം വോട്ടു ചെയ്യുകയെന്നും പ്രവർത്തകർ പറഞ്ഞു.

വിജയമുറപ്പിച്ച് എൽ.ഡി.എഫ്

യുവത്വത്തിന്റെ ഉണർവാണ് വാൻറോസ് ജംഗ്ഷനിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ദൃശ്യമായത്. യുവജനസംഘടന നേതാക്കൾ വിവിധ ബൂത്തുകളിൽ നിന്ന് വരുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നു. വിജയം തങ്ങളുടേതാകുമെന്ന് കാരണങ്ങൾ നിരത്തി പ്രവർത്തകർ വ്യക്തമാക്കി. യു.ഡി.എഫിനും വികസനം പറഞ്ഞ് അഴിമതി നടത്തുന്ന വി.എസ് ശിവകുമാറിനുമെതിരായ വികാരം, ശ്രീശാന്തും എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ബിജു രമേശും യു.ഡി.എഫ് വോട്ടുകളിൽ വരുത്തുന്ന ചോർച്ച, എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങൾ, എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ എല്ലാം ചേർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജുവിനെ വിജയിപ്പിക്കും. കാലു മാറൽ സ്ഥാനാർത്ഥിയെന്ന ആരോപണത്തെ ആന്റണി രാജു മത്സരിച്ചതെല്ലാം എൽ.ഡി.എഫ് പാനലിലാണല്ലോയെന്ന ചോദ്യത്തോടെയാണ് നേരിട്ടത്. വി.എസിനും കോൺഗ്രസിനുമൊക്കെ പണ്ട് വോട്ട് ചോദിച്ച സുരേഷ് ഗോപിയെ നേതാവാക്കിയവർക്കും വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയവർക്കും ഇത് പറയാനെന്ത് അവകാശമെന്ന് ചോദിക്കാനും പ്രവർത്തകർ മറന്നില്ല.

മാറ്റം പ്രവചിച്ച് ബി.ജെ.പി

പുളിമൂട് ജംഗ്ഷനിലെ ബി.ജെ.പി കേന്ദ്ര കമ്മിറ്റി ഓഫീസിലും പൊരിഞ്ഞ ചർച്ചയാണ്. മാറ്റം ആഗ്രഹിക്കുന്ന , നാട് വികസിക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം ബി.ജെ.പിക്ക് ഒപ്പം നിൽക്കുമെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. ചർച്ചയ്ക്കിടയിലേക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കൂടിയെത്തിയതോടെ ആവേശം ഇരട്ടിച്ചു. കേന്ദ്ര നേതൃത്വം വലിയ പ്രതീക്ഷ വയ്ക്കുന്ന ജില്ലയായ തിരുവനന്തപുരത്ത് ജയിക്കുമെന്ന് കണക്കു കൂട്ടിയിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരമെന്ന് എസ്. സുരേഷ് പറഞ്ഞു. കന്നിവോട്ടർമാരുടെയും സ്ത്രീ വോട്ടർമാരുടെയുമൊക്കെ പിന്തുണ ഇത്തവണ ബി.ജെ.പിക്ക് ലഭിക്കും. ക്രിക്കറ്റ് താരത്തെ സ്ഥാനാർത്ഥിയാക്കിയത് മത്സരത്തിന്റെ ഗൗരവം കുറച്ചെന്ന ആരോപണത്തെ ശ്രീശാന്തിന്റെ ലോക മലയാളി പരിവേഷം പറഞ്ഞും ശശി തരൂരിന്റെ വിജയം ഉദാഹരിച്ചുമാണ് പ്രവർത്തകർ നേരിട്ടത്. പുറ്റിങ്ങൽ സംഭവത്തിലെ പ്രധാനമന്ത്രിയുടെ ഇടപെടലും സുരേഷ് ഗോപിയിലൂടെ കേരളത്തിന് എം.പിയെ സമ്മാനിച്ചതുമെല്ലാം തങ്ങൾക്ക് അനൂകൂലമാകുമെന്ന് അവകാശപ്പെട്ട പ്രവർത്തകർ സൊമാലിയ പരാമർശത്തിന്റെ യാഥാർത്ഥ്യമൊക്കെ പ്രബുദ്ധരായ വോട്ടർമാർക്കറിയാമെന്നും പറഞ്ഞു.

അട്ടിമറി പ്രതീക്ഷിച്ച് എ.ഐ.എ.ഡി.എം.കെ

മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ബിജു രമേശിന്റെ കോട്ടയ്ക്ക്കത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥിയുടെ ചിഹ്നമായ തൊപ്പി അണിഞ്ഞവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ഡലത്തിൽ ത്രികോണ മത്സരത്തെ പ്രചാരണത്തെ ചതുഷ്കോണ മത്സരമെന്ന് തിരുത്തുന്നു പ്രവർത്തകർ. നിഷ്പക്ഷ വോട്ടകൾക്കൊപ്പം മൂന്ന് പ്രധാന പാർട്ടികളിലെയും സ്ഥാനാർത്ഥികളോട് അസംതൃപ്തിയുള്ള പാർട്ടി വോട്ടുകളും തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. കൂടെ മണ്ഡലത്തിലെ 35000 ഓളം വരുന്ന തമിഴ് വോട്ടുകളിൽ ഭൂരിഭാഗവും കൂടിയാകുമ്പോൾ ജയം തങ്ങൾക്കൊപ്പം പോരുമെന്നാണ് വാദം. ജയലളിതയുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുമെന്നത് ജനങ്ങളെ സ്വാധീനിക്കും. ബിജു രമേശ് ജയിച്ചു വരികയും ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കേണ്ടി വരികയും ചെയ്താൽ ആരെ പിന്തുണയ്ക്കണമെന്നാണ് പ്രവർത്തകരുടെ താത്പര്യമെന്ന് ചോദിച്ചപ്പോൾ അഴിമതി നിറഞ്ഞ യു.ഡി.എഫിനേക്കാൾ എൽ.ഡി.എഫിനോടാണ് താത്പര്യമെന്നായിരുന്നു പ്രവർത്തകരുടെ മറുപടി.

എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും നിറയുന്നത് തിളക്കമാർന്ന വിജയമെന്ന പ്രതീക്ഷ തന്നെയാണ്. വ്യാഴാഴ്ച വോട്ടെണ്ണും വരെ പ്രതീക്ഷകളും കണക്ക് കൂട്ടലുകളുമായി പ്രവർത്തകർ ഓഫീസുകളിൽ തമ്പടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here