കോൺഗ്രസ്‌ ഉടനെതന്നെ പ്രവർത്തകസമിതി ചേർന്ന് ആവശ്യമുന്നയിക്കും. രാഹുൽ തയ്യാറായില്ലെങ്കിൽ  കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, എന്നിവരാണ് പരിഗണനയിൽ.

ഒരു പാർട്ടിക്കും 10% സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയാണ്. 2019ൽ 52 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 3 സീറ്റിന്റെ കുറവിൽ പ്രതിപക്ഷ നേതാവില്ലാതെ പോയി. ഇത്തവണ 99 സീറ്റോടെ ശക്തമായ തിരിച്ച് വരവാണ് കോൺഗ്രസ് നടത്തിയത്. അതിനാൽ മോദിയോടും സർക്കാരിനോടും ഏറ്റുമുട്ടാൻ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവായി വരണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുടെ ആവശ്യം.

എന്നാൽ രാഹുൽഗാന്ധി ഇതിന് തയ്യാറാകുമോ എന്നതാണ് പ്രധാനം. പ്രവർത്തകസമിതി ചേർന്ന് ഒറ്റക്കെട്ടായി രാഹുലിനുമേൽ സമ്മർദ്ദം ചെലുത്തും. ഇതിനായി ഉടൻതന്നെ പ്രവർത്തകസമിതി ചേരും.  രാഹുൽ തയ്യാറായില്ലെങ്കിൽ ചർച്ച കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, എന്നിവരിലേക്ക് പോകും. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ കെ.സി വേണുഗോപാലിന് സാധ്യതയുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ നിന്നുള്ള മല്ലികാർജുൻ ഖർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവായി ഉള്ളത് തടസമായേക്കും.

രാഹുലുമായി അടുത്ത ബന്ധമുള്ള ഗൗരവ് ഗോഗോയ് കോൺഗ്രസിന്റെ ലോക്സഭാ കക്ഷി ഉപനേതാവായിരുന്നു. ചണ്ഡീഗഡിൽ നിന്ന് ജയിച്ചു വരുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള മുതിർന്ന നേതാവെന്ന പരിഗണന മനീഷ് തിവാരിക്കുണ്ട്. കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്ന കൊടിക്കുന്നിൽ സുരേഷ് എട്ടാംതവണയും എം.പി എന്ന റെക്കോഡോടെ ലോക്‌സഭയിലുണ്ടാകും.