തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം പ്രവാസി കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് – ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഒഐസിസി ഇൻകാസ് പ്രവർത്തകർ പ്രത്യേക പ്രചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനും കഴിഞ്ഞു.  പ്രവാസികളെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് എൽഡിഎഫിൻ്റെ പരാജയം.

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചറിവുണ്ടാകാതെ ലോക കേരളസഭ സംഘടിപ്പിക്കുവാനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലെ ജനം സംസ്ഥാന സർക്കാരിനെതിരെ വിധി എഴുതി കഴിഞ്ഞു. ഭരണ വിരുദ്ധ വികാരത്തിൻ്റെ നേർ പ്രതിഫലനമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയുടെ ശക്തമായ മുന്നേറ്റം ശുഭ സൂചനയായി കാണണം. പ്രതിപക്ഷം കൂടുതൽ ശക്തമായതോടെ  മോദിയുടെ ഗർവ് ഇനി വില പോകില്ല. പ്രവാസി പ്രശ്നങ്ങൾ കൂടുതലായി സഭയിൽ ഉന്നയിക്കാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.