തിരുവനന്തപുരം: സിലബസിൽ നിന്ന് മാതൃഭാഷയെ പടിക്ക് പുറത്താക്കി വിവാദമുണ്ടാക്കിയ പി. എസ്. സിയുടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ നാളെ നടക്കും . ഉച്ചയ്ക്ക് ഒന്നരമുതൽ 3. 15 വരെ നടക്കുന്ന ഒബ്‌ജക്‌റ്റിവ് പരീക്ഷ അഞ്ചര ലക്ഷത്തോളം പേരെഴുതും. 2200 കേന്ദ്രങ്ങളിലാണ് പരീക്ഷ . സംസ്ഥാനത്തെ പതിമൂന്നോളം യൂണിവേഴ്സിറ്റികളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് സി ഉദ്യോഗാർത്ഥികളെ തേടുന്നത് .

നൂറ് മാർക്കിന്റെ ചോദ്യത്തിൽ നിന്ന് പത്ത് മാ‌ർക്കിന്റെ മലയാള വിഭാഗം ഒഴിവാക്കിയതോടെയാണ് പരീക്ഷ വിവാദമായത്. മലയാളം ഭരണഭാഷയാക്കിക്കൊണ്ട് സർക്കാർ പ്രചരണം നടത്തുകയും , മറുഭാഗത്ത് മലയാളത്തെ ഒഴിവാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു . ആറുമാസം മുമ്പ് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയോടെ തന്നെ മലയാളത്തെ ഒഴിവാക്കാൻ പി. എസ്.സി ശ്രമമാരംഭിച്ചിരുന്നു . അതോടെ, പി. എസ്. സി യോഗങ്ങളിൽ ബഹളമാരംഭിക്കുകയും ചെയ്തിരുന്നു. അപ്പോൾ, 24 ന് നടക്കുന്ന യൂണിവേഴ്സിറ്റി അസി സ്റ്റന്റ് പരീക്ഷയിൽ മലയാളത്തെ ഉൾപ്പെടുത്താമെന്നായിരുന്നു പി. എസ്. സിയുടെ ഉറപ്പ് . എന്നാൽ, ഉറപ്പ് പാലിക്കാതെ , യൂണി. അസിസ്റ്റന്റ് പരീക്ഷയിൽ നിന്ന് മലയാളത്തെ പടിക്ക് പുറത്താക്കുകയാണ് ചെയ്തത് . ഇതിനെ പി. എസ്. സി യോഗങ്ങളിൽ മോഹൻദാസ്. അശോകൻ ചരുവിൽ, വി. എസ്. ഹരീന്ദ്രനാഥ്, യു. സുരേഷ്കുമാർ, ശെൽവരാജ്, വി. ടി. തോമസ് എന്നീ അംഗങ്ങൾ ശക്തിയായി എതിർത്തിരുന്നു. എഴുത്തുകാരൻ കൂടിയായ അശോകൻ ചരുവിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. സാഹിത്യകാരന്മാർ പി. എസ്. സി ഓഫീസിനുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. അതോടെ, ഇനിയുള്ള പരീക്ഷകളിൽ മലയാളത്തെ ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു.

പക്ഷേ , സിലബസ് രൂപീകരിച്ച് ക്രമീകരണങ്ങൾ നടത്തുന്നതുവരെ നിലവിലെ രീതി തുടരാൻ യോഗം തീരുമാനിച്ചതോടെ, അവ്യക്തതയായി. എന്നുമുതലുള്ള പരീക്ഷകളിലാണ് മലയാളത്തെ ഉൾപ്പെടുത്തുന്നതെന്ന് തീരുമാനിച്ചില്ല. എല്ലാ പരീക്ഷകളിലും മലയാളം ഉൾപ്പെടുത്തണമെന്ന അഞ്ചംഗ ഉപസമിതിയുടെ റിപ്പോർട്ട് ചർച്ച ചെയ്തിട്ടാണ് എല്ലാ പി. എസ്. സി പരീക്ഷകളിലും 10 മാ‌ർക്കിന്റെ മലയാള വിഭാഗം ഉൾപ്പെടുത്താൻ പിന്നീ ട് തീരുമാനമായത് . എന്നാൽ, അതിന് മുമ്പ് ഭാഷാ വിദഗ്ധരെയും ഭരണ ഭാഷാ വിദഗ്ധരെയും ഉൾപ്പെടുത്തി സിലബസ് ചർച്ച ചെയ്ത് രൂപീകരിക്കും . അതിനു മുമ്പ് ഭരണ ഭാഷാ വകുപ്പിന്റെയും ഭാഷാ ന്യൂനപക്ഷ വകുപ്പിന്റെയും അഭിപ്രായം തേടാനും തീരുമാനിക്കുകയായിരുന്നു. ഏതായാലും മുമ്പ് മലയാളത്തെ ഒഴിവാക്കി നടത്തിയ സെക്രട്ടേറിയറ്റ് അസി. പരീക്ഷയുടെ സിലബസ് തന്നെയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here