തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം പ്രവാസി മലയാളികള്‍ കൂട്ടിച്ചേര്‍ത്തത് രണ്ടു ലക്ഷം കോടിയോളം രൂപ. വിദേശ ഇന്ത്യാക്കാര്‍ രാജ്യത്തേക്ക് അയച്ചത് മൊത്തം 4.69 ലക്ഷം കോടിയില്‍പരം രൂപ. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കും രണ്ടാം സ്ഥാനം ചൈനയ്ക്കുമാണെന്ന് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സസ് ഫാക്ട് ബുക്ക് 2016’ എന്നു റിപ്പോര്‍ട്ടില്‍ കണക്കുകള്‍ നിരത്തുന്നു. അയലത്തെ പാകിസ്ഥാന് എട്ടാം സ്ഥാനവും ബംഗ്ലാദേശിന് പത്താം സ്ഥാനവുമാണുള്ളത്. എണ്ണവിലയിലെ ചരിത്രത്തകര്‍ച്ചയിലൂടെ ആര്‍ജിച്ച ലക്ഷക്കണക്കിനു കോടി രൂപയുടെ ലാഭവും പ്രവാസി പണപ്രവാഹവുമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആടിയുലയുമായിരുന്നുവെന്നാണ് ലോക ബാങ്ക് വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ വിലയില്‍ വന്‍ഇടിവുണ്ടായിട്ടുപോലും ഇന്ത്യാക്കാര്‍, പ്രത്യേകിച്ചും മലയാളികളാണ് പണി ചെയ്യുന്നതില്‍ ആവുന്നത്ര രൂപ നാട്ടിലേക്ക് അയയ്ക്കാന്‍ കൂടുതല്‍ ജാഗ്രത കാട്ടുന്നതെന്നാണ് യുഎഇയിലെ വിദേശനാണ്യവിനിമയ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മലയാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ പത്തു ശതമാനത്തിലേറെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് ദുബായില്‍ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചിലെ മാര്‍ക്കറ്റിങ്ങ്സേവനവിഭാഗം മേധാവി സുല്‍ത്താന്‍ അല്‍മുഹമ്മദ് പറയുന്നു. എണ്ണ വിലയിലെ പതനത്തിനുതൊട്ട് മുമ്പ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേക്ക് മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റം വന്‍തോതിലുണ്ടായതും പണപ്രവാസി പദ്ധതിയിലെ വര്‍ധനയ്ക്ക് കാരണമായെന്നാണ് ലുലു എക്‌സ്‌ചേഞ്ച്, യുഎഇ എക്‌സ്‌ചേഞ്ച് തുടങ്ങിയ വിദേശനാണ്യവിനിമയ സ്ഥാപനങ്ങളിലെ അധികൃതര്‍ അറിയിച്ചത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വര്‍ധനയ്ക്കു കാരണമായി.

എന്നാല്‍ എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്രവാസി പണത്തില്‍ നാമമാത്രമായ വര്‍ധനയേ ഉണ്ടായിട്ടുളളൂവെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പ്രവാസികളുടെ പല ആനുകൂല്യങ്ങളും സബ്‌സിഡികളും എടുത്തുകളഞ്ഞതും ജീവിതച്ചെലവിലുണ്ടായ ദുര്‍വഹമായ വര്‍ധനയും മൂലം നാട്ടിലേക്ക് പണം അയയ്ക്കാന്‍ സാധാരണ തൊഴിലാളികളും ഇടത്തരം ജീവനക്കാരും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും ലോക ബാങ്ക് പറയുന്നു. ഈ സാമ്പത്തിക ഞെരുക്കമില്ലായിരുന്നില്ലെങ്കില്‍ പ്രവാസിപ്പണത്തിന്റെ നാട്ടിലേക്കുളള ഒഴുക്ക് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരുമായിരുന്നു. എണ്ണപ്പണത്തിന്റെ അധീശത്വം തകിടംമറിഞ്ഞതുമൂലം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഷ്ടിച്ച് അരശതമാനത്തിന്റെ വര്‍ധനയേ കഴിഞ്ഞവര്‍ഷം ഉണ്ടായിട്ടുള്ളൂവെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here