പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭയെത്തുമ്പോൾ കേരളത്തിന്റെ മന്ത്രിമാരെ പരിചയപ്പെടുത്തുകയാണ് ചുവടെ. പിണറായി, തോമസ് ഐസക്, എ.കെ.ബാലൻ, ജി.സുധാകരൻ, മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരൊഴികെ 13 പേരും പുതുമുഖങ്ങളാണ്. സിപിഎം നേതൃത്വത്തിലുള്ള ആറാമതു മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 14–ാമതു നിയമസഭ ചേരാൻ പോകുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ.

പിണറായി വിജയൻ (72)

കാർക്കശ്യത്തിന്റെ മുഖമുള്ള കമ്മ്യൂണിസ്റ്റ്

∙ ജനനം: 1944 മാർച്ച് 21

∙ അച്ഛൻ: പിണറായിയിലെ ചെത്തുതൊഴിലാളി മുണ്ടയിൽ കോരൻ

∙ അമ്മ: കല്യാണി

∙ വിദ്യാഭ്യാസം: തലശേരി ബ്രണ്ണൻ കോളജിൽനിന്നു പ്രീ യൂണിവേഴ്സിറ്റി, ധനതത്വശാസ്ത്രത്തിൽ ബിരുദം.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രംഗത്ത്. 1964ൽ സ്റ്റുഡന്റ് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, 1966ൽ സംസ്ഥാന പ്രസിഡന്റ്. തുടർന്നു കെഎസ്‌വൈഎഫ് (ഡിവൈഎഫ്ഐയുടെ ആദ്യരൂപം) സംസ്ഥാന പ്രസിഡന്റ്, 1967ൽ പാർട്ടി തലശ്ശേരി മണ്ഡലം സെക്രട്ടറി, 1968ൽ ജില്ലാ കമ്മിറ്റി അംഗം, 1978ൽ സംസ്ഥാന കമ്മിറ്റി അംഗം,1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറി, 1989ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1998ൽ ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്നു സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്തു. പിന്നീടു മലപ്പുറം, കണ്ണൂർ, കോട്ടയം സമ്മേളനങ്ങളിൽ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ പൊളിറ്റ്ബ്യൂറോ അംഗം.

കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, 1987ൽ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്. 1970–77, 1977–79, 1991–95 കാലത്തു കൂത്തുപറമ്പ് എംഎൽഎ. 1996 മുതൽ പയ്യന്നൂർ എംഎൽഎ, നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രി. 1998ൽ പാർട്ടി സെക്രട്ടറിയാവാൻ മന്ത്രിസ്ഥാനം ഒഴിഞ്ഞു. കുടുംബം: ഭാര്യ കമല തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: വിവേക് കിരൺ, വീണ. 

ഇ.പി.ജയരാജൻ (61)

പതറാത്ത സമരവീര്യം

ചെറുകുന്ന് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ഇ.പി. ജയരാജൻ ആദ്യമായി സമരത്തിനിറങ്ങുന്നത്. പ്രധാന അധ്യാപകനെതിരെ സമരം നടത്തി തിരിച്ചു വന്നപ്പോൾ അധ്യാപകൻ കൂടിയായ അച്ഛൻ പിടികൂടി. രാഷ്ട്രീയം വേണമെന്നോ വേണ്ടെന്നോ അച്ഛൻ പറഞ്ഞില്ല, ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, രാഷ്ട്രീയം കൊള്ളാം പക്ഷേ, പേരുദോഷമുണ്ടാക്കരുത്. അച്ഛന്റെ അനുവാദത്തോടെ സഞ്ചരിച്ചാണ് ഇ.പി. മന്ത്രിപദത്തിൽ എത്തിയിരിക്കുന്നത്. ‌വേദികളിൽ നിറഞ്ഞുനിന്ന നാടക നടൻ കൂടിയാണ് ജയരാജൻ. ജയരാജന്റെ തുറുപ്പുചീട്ട് വേദികളെ കീഴടക്കുന്ന പ്രസംഗമായിരുന്നു. പൊതുപ്രവർത്തനം കഴിഞ്ഞാൽ കൃഷിയാണ് ഇപിയുടെ പ്രിയപ്പെട്ട മേഖല. കഴിഞ്ഞ 16 വർഷമായി ജില്ലയിലെ പ്രമുഖ വൃദ്ധസദനത്തിന്റെ ചെയർമാൻ കൂടിയാണ്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാൻ പണം സ്വീകരിച്ചത്. 1995 ഏപ്രിൽ 12ന് 15ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുമ്പോൾ തീവണ്ടിയിൽ വച്ചു വാടകക്കൊലയാളികളുടെ വെടിയേറ്റു. കഴുത്തിൽ തറഞ്ഞു കയറിയ വെടിയുണ്ടയുടെ അസ്വസ്ഥതകളുമായാണ് ഇപി ഇന്നും ജീവിക്കുന്നത്. ഭാര്യ: ജില്ലാ ബാങ്ക് ഉദ്യോഗസ്‌ഥയായ ഇന്ദിര. മക്കൾ: ജയ്‌സൺ, ജിതിന്ദ് രാജ്.

ഡോ. ടി.എം. തോമസ് ഐസക് (62)

എന്നും വേറിട്ട വഴികളിലൂടെ

ഏതു പ്രശ്നത്തിനും ജനകീയ ഉത്തരങ്ങൾ കാണുന്നതാണ് ഐസക് ലൈൻ. ആലപ്പുഴയിൽ മാലിന്യ പ്രശ്നം കുമിഞ്ഞു കൂടിയപ്പോൾ വികേന്ദ്രീകൃത സംസ്കരണ രീതി നടപ്പിലാക്കി ഐസക്. വഴിവക്കിൽ‌ വച്ച ഫ്ലക്സെല്ലാം അഴിച്ചെടുത്തു ഗ്രോ ബാഗ് ആക്കുകയാണ് ഇപ്പോൾ.2001ൽ മാരാരിക്കുളത്തു നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഐസക് 2006ൽ അവിടെ നിന്നു വിജയിച്ചാണു മന്ത്രിയായത്. 2011 മുതൽ ആലപ്പുഴ എംഎൽഎയാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ.

1991ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. നിലവിൽ കേന്ദ്രകമ്മിറ്റി അംഗമാണ്. 1975ൽ എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റായ തോമസ് ഐസക് അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1979ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്. 1996–2001ൽ ആസൂത്രണ സമിതി അംഗം. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം വികസന പഠന കേന്ദ്രത്തിൽ ഫെല്ലോ ആയിരുന്നു. 1989ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘കേരളം: മണ്ണും മനുഷ്യനും’ ഉൾപ്പെടെ അൻപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മക്കൾ: സാറ, ഡോറ. അമ്പലപ്പുഴ ചിറക്കോട് കാനയ്ക്കാപ്പള്ളി വീട്ടിൽ പരേതനായ ട‍ി.പി.മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്.

കെ.കെ.ശൈലജ (58)

പാർട്ടിയോളം വരില്ല; പാട്ടിനോടുള്ള ഇഷ്ടം

വിവാഹം കഴിഞ്ഞ് ഏറെനാൾ കഴിയും മുൻപേ ഭർത്താവിനു ക്രൂരമായ പൊലീസ് മർദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നിട്ടും ശൈലജ തളർന്നിട്ടില്ല; മുത്തങ്ങ സമരത്തിനെതിരെ നടത്തിയ എസ്‌പി ഓഫിസ് മാർച്ചിൽ ലാത്തിച്ചാർജേറ്റ് തലപൊട്ടി ചോരയൊലിച്ചിട്ടും ശൈലജ കരഞ്ഞിട്ടുമില്ല കാരണം കമ്യൂണിസ്‌റ്റുകാരന്റെ ജീവിതം സമരത്തിന്റെയും സഹനത്തിന്റെയുമാണെന്ന് കെ.കെ. ശൈലജ പഠിച്ചത് എം.കെ.കല്യാണിയമ്മ എന്ന വല്യമ്മയിൽ നിന്നാണ്. ഡിവൈഎഫ്‌ഐ നേതാവ് ഭാസ്‌കരനുമായി സംഘടനാ പ്രവർത്തനകാലത്തു മൊട്ടിട്ട പരിചയം ശൈലജയുടെ നെറ്റിയിൽ സിന്ദൂരമായി ചുവപ്പുതേച്ചു. ശൈലജ പിന്നീടു ഡിവൈഎഫ്‌ഐ സംസ്‌ഥാന സമിതി അംഗമായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി വരെയായി. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായി. ശിവപുരം സ്കൂളിലെ കുട്ടികൾക്കു ഭൗതികശാസ്ത്രവും ഇംഗ്ലിഷും പഠിപ്പിച്ച ശൈലജ ടീച്ചറായി. 2006ൽ അധ്യാപകജോലിയിൽ നിന്നു സ്വയം വിരമിച്ചു. പാർട്ടി കഴിഞ്ഞാൽ പാട്ടാണു ശൈലജയ്ക്കു പ്രിയം. യേശുദാസിന്റെയും റഫിയുടെയും കടുത്ത ആരാധിക. ഭർത്താവ് കെ. ഭാസ്കരൻ മട്ടന്നൂർ നഗരസഭാ അധ്യക്ഷനാണ്. മക്കൾ: ശോഭിത്ത്, ലസിത്ത്.

എ.കെ.ബാലൻ (67)

എന്നും കനൽവഴികളിലൂടെ

കുടിയെ‍ാഴിക്കലുകൾക്കു മുൻപിൽ നിസഹായനായി നിൽക്കുന്ന നാദാപുരം തൂണേരിയിലെ നിർമാണ തെ‍ാഴിലാളിയായ അച്ഛൻ കേളപ്പനും അത്യാവശ്യസാധനങ്ങളെല്ലാം പെറുക്കിക്കെട്ടി നിറകണ്ണുകളേ‍ാടെ അടുത്ത ഇടംതേടി പേ‍ാകുന്ന കർഷകത്തൊഴിലാളിയായ അമ്മ കുഞ്ഞിയും നാലുസഹേ‍ാദരങ്ങളും ഇന്നും ബാലന്റെ നെ‍ാമ്പരമാണ്. നാലുതവണ കുടുംബം കുടിയിറക്കപ്പെട്ടു. പിന്നീട് കൂലിവേലചെയ്തു സ്വരുക്കൂട്ടിയ പണം കെ‍ാണ്ട് അച്ഛൻ 10 സെന്റ് സ്ഥലം വാങ്ങിയതേ‍ാടെയാണ് കുടിയെ‍ാഴിക്കൽ ഒഴിഞ്ഞത്.

പഠനകാലത്ത് ശനിയും ഞായറും കൂലിപ്പണിക്കുപേ‍ായി. എസ്എഫ്ഐ കേ‍ാഴിക്കേ‍ാട് ജില്ലാസെക്രട്ടറിയായിരുന്നു. ബാങ്ക് പ്രബേ‍ഷനറി ഒ‍ാഫിസറായി നിയമനം ലഭിച്ചെങ്കിലും ചേർന്നില്ല. ജേ‍ാലിയിൽ ചേരാനെന്ന് പറഞ്ഞാണു വീട്ടിൽ നിന്ന് സംസ്ഥാന സമ്മേളനത്തിനു പേ‍ായതെങ്കിലും തിരിച്ചുവന്നത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായാണ്. 1980ൽ ഒറ്റപ്പാലത്തു നിന്ന് ലേ‍ാക്സഭയിലേക്ക്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. ആരേ‍ാഗ്യവകുപ്പ് മുൻ ഡയറക്ടറായിരുന്ന ഭാര്യ ജമീല ഒറ്റപ്പാലം വാണിയംകുളം പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ സൂപ്രണ്ടാണ്. മക്കൾ: നവീൻ, നിഖിൽ.

ടി.പി.രാമകൃഷ്ണൻ (67)

പാർട്ടിയാണു ജീവശ്വാസം

വീട്ടിൽതന്നെ ചകിരി പിരിച്ചു കയറുണ്ടാക്കുന്നതായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത് ടി.പി.രാമകൃഷ്ണന്റെ കുടുംബത്തിന്റെ ഉപജീവനമാർഗം. അച്ഛൻ താഴത്തെ പറമ്പിൽ ശങ്കരൻ കടത്തുകാരനായിരുന്നു. ഇരുപതാം വയസ്സിൽ കീഴരിയൂർ ജയശ്രീ ചിട്ടിഫണ്ടിൽ ബിൽ കലക്ടറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് മുതലക്കുളത്ത് ദേശാഭിമാനി ബുക്സ്റ്റാളിൽ സെയിൽസ്മാനായി.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബുക്സ്റ്റാൾ തുടങ്ങിയപ്പോൾ ആദ്യത്തെ സെയിൽസ്മാനായിരുന്നു. 1969 ഡിസംബറിൽ അച്യുതമേനോൻ സർക്കാരിനെതിരെ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സിആർപിഎഫിന്റെ മർദനമേറ്റ് ആശുപത്രിയിലായതോടെ സെയിൽസ്മാൻ ജോലി നിർത്തി. പിന്നീട് മുഴുവൻസമയ പാർട്ടി പ്രവർത്തകനായി.

പാർട്ടി അലവൻസും ട്രേഡ് യൂണിയൻ പ്രവർത്തനത്തിനു ലഭിക്കുന്ന അലവൻസുമായിരുന്നു വരുമാനം. 2001ൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. ശ്വാസംമുട്ടലിന്റെ ഉപദ്രവമുള്ളതിനാൽ ടിപി ഇൻഹെയ്‌ലർ എപ്പോഴും കയ്യിൽ കരുതാറുണ്ട്. ഭാര്യ എം.കെ.നളിനി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ്. മക്കൾ: രജുലാൽ, രഞ്ജിനി.

ജി.സുധാകരൻ (68)

‘വേണ്ട’ എന്നു പറയാനുള്ള കരുത്ത്

ഓണാട്ടുകരയിലെ വേടരപ്ലാവിലെ മഴക്കാലത്ത് ദാരിദ്ര്യം മൂലം പറമ്പിലെ മരച്ചീനിയുടെ ഇല വേവിച്ചു കഴിച്ചു വളർന്നതാണ് ജി. സുധാകരന്റെ ബാല്യം. വേണ്ട എന്ന് എപ്പോൾ പറയണമെന്ന് ജി.സുധാകരന് അറിയാം. ആരോടും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു ക്ഷണിച്ചപ്പോഴും സ്ഥാനമാനങ്ങൾ വച്ചു നീട്ടിയപ്പോഴും സുധാകരന്റെ മറുപടി വേണ്ട എന്നായിരുന്നു. എസ്എഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ കേന്ദ്ര എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായി.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി തടവിൽ കഴിഞ്ഞു. 1971 ൽ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1984 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി. ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 1996ൽ കായംകുളത്തു നിന്നു നിയമസഭാംഗമായി. 2006 മുതൽ അമ്പലപ്പുഴ എംഎൽഎ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ സഹകരണ മന്ത്രിയായിരുന്നു. കുറച്ചുകാലം ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നിയമബിരുദവും. ഒൻപതു കവിതാ സമാഹാരങ്ങളും നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആലപ്പുഴ എസ്ഡി കോളജ് അധ്യാപിക ഡോ. ജൂബിലി നവപ്രഭയാണു ഭാര്യ. മകൻ നവനീത്.

എ.സി.മൊയ്തീൻ (60)

എല്ലാം പടി പടിയായി മാത്രം

നല്ല സിനിമകൾ, നല്ല പുസ്തകങ്ങൾ. എ.സി.മൊയ്തീനെ വീഴ്ത്താൻ ഇതു രണ്ടും മതിയാകും. വായനശാല കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ പാർട്ടിയിലെത്തിയ മൊയ്തീൻ എന്നും പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. കെ.മുരളീധരൻ മന്ത്രിയായിരിക്കെ വടക്കാഞ്ചേരിയിൽ മത്സരിച്ചപ്പോൾ ആരു വിചാരിച്ചാൽ പരാജയപ്പെടുത്താൻ പറ്റുമെന്നു സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ചു. അന്നാണ് എ.സി.മൊയ്തീന്റെ പേരു കേരളം തെളിഞ്ഞു കേൾക്കുന്നത്.

വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പിൽ പരേതരായ ചിയാമുവിന്റെയും ഫാത്തിമാബീവിയുടെയും മകനായ മൊയ്തീൻ പാർട്ടിയുടെ എല്ലാ ഘടകത്തിലും അതിന്റെ രീതിയിൽ മാത്രം പ്രവർത്തിച്ചു പടിപടിയായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.
1988-ൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായി. 1990-ൽ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായി. 2006-ൽ ജില്ലാ സെക്രട്ടേറിയറ്റിലും 2011-ൽ ജില്ലാ സെക്രട്ടറിയുമായി. 75 വർഷം പഴക്കമുള്ള വടക്കാഞ്ചേരിക്കാരുടെ മേൽപ്പാലമെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത് മൊയ്തീന്റെ മിടുക്കാണ്. ഭാര്യ കൊല്ലം സ്വദേശിനി എസ്. ഉസൈബാ ബീവി എരുമപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ‍്. ഷീബ ഏക മകൾ.

കടകംപള്ളി സുരേന്ദ്രൻ (61)

സമരത്തിന്റെ ‘തല’ സ്ഥാനത്ത്

സിപിഎമ്മിന്റെ ‘സമരനായകൻ’ ആണു കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാനത്തു നടക്കുന്ന സിപിഎമ്മിന്റെ സമരങ്ങൾ നയിക്കുന്നതും നിയന്ത്രിക്കുന്നതും കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെ കാലമായി കടകംപള്ളിയാണ്. പൊലീസുകാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ പതിവായി രണ്ടുകൂട്ടരെയും അനുനയിപ്പിച്ചു പ്രശ്നം പരിഹരിക്കുന്നതും കടകംപള്ളി ടെക്നിക് ആണ്.
1996ൽ കഴക്കൂട്ടത്തു നിന്നു തന്നെയായിരുന്നു ആദ്യ വിജയം. 2007 മുതൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി ഈ തിരഞ്ഞെടുപ്പിനു മുൻപാണു പദവിയൊഴിഞ്ഞത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.

കടകംപള്ളി ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രഥമ ജില്ലാ കൗൺസിൽ അംഗം, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, സംസ്‌ഥാന സഹകരണബാങ്ക് പ്രസിഡന്റ് സ്‌ഥാനങ്ങളും വഹിച്ചു. മാധവപുരം യുപിഎസ്, സെന്റ് ജോസഫ്‌സ് സ്‌കൂൾ, ചെമ്പഴന്തി എസ്എൻ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുമല എഎം എച്ച്എസ്എസ് അധ്യാപിക സുലേഖയാണ് ഭാര്യ. മക്കൾ: അരുൺ, അനൂപ് .

ജെ.മേഴ്സിക്കുട്ടിയമ്മ (60)

കൈവിടാത്ത മനഃസാന്നിധ്യം

സമരങ്ങളിലൂടെ വളർന്നതാണ് ജെ.മേഴ്സിക്കുട്ടിയമ്മ. ആർഎസ്പി പ്രാദേശിക നേതാവും കർഷകനുമായിരുന്ന മൺറോത്തുരുത്ത് മുല്ലശേരിൽ ഫ്രാൻസിസിന്റെ മൂന്നാമത്തെ മകൾക്ക് അഷ്ടമുടിക്കായൽ കടന്നു സ്കൂളിൽ പഠിക്കാൻ പോകേണ്ടിവന്ന ബാല്യമുണ്ടായിരുന്നു. ഒരിക്കൽ സ്കൂളിലേക്കുള്ള യാത്രാമധ്യേ വള്ളം മറിഞ്ഞപ്പോൾ ഒരു കയ്യിൽ ബുക്കും പൊതിച്ചോറും ഉയർത്തിപ്പിടിച്ചും മറുകൈ കൊണ്ടു നീന്തിയും മറുകരയെത്തി. ഈ മനഃസാന്നിധ്യം പിന്നീടും ജീവിതത്തിലുടനീളം പല തവണ കണ്ടു. തിരുവനന്തപുരം ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരിക്കെ കുണ്ടറയിൽ നിന്നു കന്നി മത്സരത്തിൽ ജയിച്ചു നിയമസഭാംഗമായി. തൊട്ടടുത്ത വർഷം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് (ഇന്ന് സിഐടിയു ജില്ലാ പ്രസിഡന്റ്) ബി. തുളസീധരക്കുറുപ്പുമായി വിവാഹം. വിവാഹച്ചടങ്ങുകൾ കഴിയും മുൻപേ അറിയുന്നു, പെരുമണിൽ ട്രെയിൻ അഷ്ടമുടിക്കായലിലേക്കു മറിഞ്ഞുവെന്ന്. മണവാട്ടിയുടെ വേഷത്തിൽ തന്നെ പെരുമണിലേക്കോടിയ മേഴ്സിക്കുട്ടിയമ്മ പിന്നീട് വീട്ടിലെത്തുന്നതു ദിവസങ്ങൾ കഴിഞ്ഞ്. 1995 മുതൽ സംസ്ഥാന കമ്മിറ്റിയംഗം. സിഐടിയു ദേശീയ വൈസ് പ്രസിഡന്റു കൂടിയായ മേഴ്സിക്കുട്ടിയമ്മ വിദ്യാഭ്യാസ കാലം മുതൽ പാർട്ടി സമരങ്ങളുടെ മുൻനിരയിലുണ്ട്.

പ്രഫ.സി.രവീന്ദ്രനാഥ് (60)

മതിലുകൾ ഇല്ലാതാക്കിയ അധ്യാപകൻ

എന്നും സൈക്കിളിൽ കോളജിലെത്തിയിരുന്ന രവീന്ദ്രനാഥ് കുട്ടികൾക്കും അധ്യാപകർക്കും ഇടയിലുള്ള മതിൽ ഇല്ലാതാക്കിയ അധ്യാപകരിൽ ഒരാളായിരുന്നു. നല്ല കുട്ടികളെ വളർത്തിയ രവീന്ദ്രനാഥ് നല്ല വാഴ വളർത്തി പിന്നീടു ശ്രദ്ധേയനായി. നാട്ടുകാരെ കൃഷിയിലെത്തിക്കുന്നതിലൂടെ മദ്യപാനശീലത്തിൽ വൻകുറവുണ്ടാക്കാനും കഴിഞ്ഞു. കൊടകര മണ്ഡലത്തിലെ പാലിയേക്കര ലക്ഷ്മിഭവനിൽ റിട്ട. ഹെഡ്മാസ്റ്റായ പീതാംബരൻ കർത്താവിന്റെയും ലക്ഷ്മിക്കുട്ടിക്കുഞ്ഞമ്മയുടെയും മൂത്തമകനാണ്. സെന്റ് തോമസ് കോളജിൽനിന്ന് എംഎസ്‌സി കെമിസ്ട്രിയിൽ ഉയർന്നവിജയം കരസ്ഥമാക്കിയ അദ്ദേഹം അവിടെത്തന്നെ രസതന്ത്രം അധ്യാപകനായി.

ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചപ്പോൾ ജില്ലാ കൺവീനറായും ജില്ലാ ആസൂത്രണ സമിതിയുടെ വൈസ് ചെയർമാനായും ജനകീയാസൂത്രണ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി രൂപീകരിച്ച സംസ്ഥാന പ്ലാനിങ് ബോർഡിന്റെ കൺസൽറ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രഫ. വിജയമാണ് രവീന്ദ്രൻമാസ്റ്ററുടെ ഭാര്യ. കേരളവർമ കോളജ് റിട്ട. അധ്യാപികയാണ്. ജയകൃഷ്ണൻ (സീനിയർ മാനേജർ, സിഎംആർഎൽ, ആലുവ), ഡോ. ലക്ഷ്മീദേവി (ടെക്‌സസ്, അമേരിക്ക) എന്നിവരാണ് മക്കൾ.

കെ.ടി.ജലീൽ (49)

എഴുത്തിന്റെ കരുത്തിൽ

മലബാറിലെ മുസ്‍‌ലിംകൾ എന്തുകൊണ്ട് മുസ്‌ലിം ലീഗിലേക്ക് ആകർഷിക്കപ്പെട്ടുവെന്നു ഗവേഷണം നടത്തി കണ്ടുപിടിച്ച കെ.ടി.ജലീലാണു പിന്നീടു ലീഗ് വിട്ട് ഇടതുപാളയത്തിലെത്തി ഇപ്പോൾ മന്ത്രിയായി നിൽക്കുന്നത്. ‘1921ലെ മലബാർ കലാപത്തിൽ ആലി മുസല്യാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പങ്ക്’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ചരിത്രാധ്യാപകനായി. മലബാർ കലാപം: ഒരു പുനർവായന, ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം എന്നീ കൃതികൾ രചിച്ചു. വളാഞ്ചേരി കൂരിപറമ്പിൽ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും പാറയിൽ നഫീസയുടെയും മകനായ ജലീൽ എംഎസ്എഫിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. അതിനിടയിൽ, പ്രഥമ ജില്ലാ കൗൺസിൽ അംഗമായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി. 2005ൽ നേതൃത്വത്തോടു കലഹിച്ച് ലീഗ് വിട്ടു. 2006ൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് ശ്രദ്ധേയനായി. ഭാര്യ: എം.പി.ഫാത്തിമക്കുട്ടി (വളാഞ്ചേരി എച്ച്എസ്എസ് പ്രിൻസിപ്പൽ). മക്കൾ: അസ്മാ ബീവി (യുഎസിൽ എംഎസ് വിദ്യാർഥിനി), മുഹമ്മദ് ഫാറൂഖ് (ഡൽഹി സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥി), സുമയ്യ ബീഗം (പ്ലസ്ടു). മരുമകൻ: അജീഷ് (യുഎസ്).

പി. ശ്രീരാമകൃഷ്ണൻ (48)

കടുംനിറങ്ങളുടെ കൂട്ടുകാരൻ

കുട്ടിക്കാലം മുതലേ ചെങ്കൊടി പിടിച്ച പി.ശ്രീരാമകൃഷ്ണന് അന്നേ കടുംനിറങ്ങളോടാണ് ഇഷ്ടം. കടുംനിറത്തിലുള്ള ഷർട്ടുകൾമാത്രം ധരിക്കുന്നതിന്റെ പിന്നിലെ രഹസ്യമതാണ്. മലബാർ എലിമെന്ററി അധ്യാപക യൂണിയൻ സ്ഥാപകനേതാവും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പിതാവ് പുറയത്ത് ഗോപി (ഗോപിനാഥൻ നായർ) ആണു ശ്രീരാമകൃഷ്ണന്റെ പ്രേരണയും പ്രചോദനവും. കഥാകൃത്തും പംക്തീകാരനുമായിരുന്ന പിതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണു ചെറുപ്പത്തിൽ പുസ്തകങ്ങളുമായി കൂട്ടുകൂടിയതെങ്കിലും പിന്നീട് അതൊരു ശീലമായി.  എംഎയും ബിഎയും ബിഎഡും പൂർത്തിയാക്കിയശേഷം പിതാവിന്റെയും അധ്യാപികയായ മാതാവ് സീതാലക്ഷ്മിയുടെയും നിർദേശപ്രകാരം മേലാറ്റൂർ ആർഎം ഹൈസ്കൂള‍ിൽ അധ്യാപകനായി. പിന്നീടു പാർട്ടി നിർദേശപ്രകാരം അവധിയെടുത്തു. ഡിവൈഎഫ്ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറി പദവി മുതൽ ദേശീയ പ്രസിഡന്റ് പദവി വരെ വഹിച്ചു.  പൊന്നാനിയിൽനിന്നു തുടർച്ചയായ രണ്ടാം ജയം നേടിയാണ് ഇപ്പോൾ സഭയിലെത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഈ നാൽപത്തെട്ടുകാരൻ. ഭാര്യ: ദിവ്യ (വെട്ടത്തൂർ എയുപി അധ്യാപിക). മക്കൾ: നിരഞ്ജന , പ്രിയരഞ്ജൻ.
ഇ. ചന്ദ്രശേഖരൻ (66)

പരീക്ഷകളിൽ പതറാതെ

പല പരീക്ഷകൾ കടന്നെത്തിയ ആളാണ് ഇ. ചന്ദ്രശേഖരൻ. അതിലൊരു പരീക്ഷ കടന്നുകിട്ടിയിരുന്നെങ്കിൽ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനാകുമായിരുന്നു അദ്ദേഹം. പത്താംക്ലാസ് കഴിഞ്ഞു സർവേ കോഴ്സിലായിരുന്നു ചന്ദ്രശേഖരന്റെ ഉപരിപഠനം. വില്ലേജ്മാൻ പരീക്ഷയെഴുതിയെങ്കിലും ഫലം അനുകൂലമായില്ല. പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധിച്ചതുകൊണ്ടു പഠനം അവിടെ നിർത്തി. പിന്നെ, മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. എഐവൈഎഫിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങി. എഐവൈഎഫ് കാസർകോട് താലൂക്ക് സെക്രട്ടറി, അവിഭക്‌ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്‌ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ മികവുകാട്ടിയ ചന്ദ്രശേഖരൻ 1976 മുതൽ സിപിഐ സംസ്ഥാന കൗൺസിലിലുണ്ട്. ആദ്യമായി ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടത് 1979 –ലായിരുന്നു. 1987 മുതൽ 1998 വരെ സിപിഐയുടെ ജില്ലാ സെക്രട്ടറിയായി. 2005 മുതൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലും അംഗമായി. കഴിഞ്ഞ തവണ എംഎൽഎയാകുമ്പോഴും സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. പാർട്ടിക്കാരുടെ നിർബന്ധത്തിനു വഴങ്ങി പിന്നീടു വാഹനം വാങ്ങി. ഭാര്യ: സിപിഐ അംഗമായ സാവിത്രി. മകൾ: എഐഎസ്‌എഫ് പ്രവർത്തകയായ നീലി ചന്ദ്രൻ (കാര്യവട്ടം ക്യാംപസിൽ എംഫിൽ വിദ്യാർഥിനി).

വി.എസ്.സുനിൽകുമാർ (48)

സമരനായകൻ; സൗഹൃദം കരുത്ത്

മൂന്നു സഹോദരങ്ങളും അച്ഛനും അമ്മയും താമസിക്കുന്ന വീടുതന്നെയായിരുന്നു മുൻപു രണ്ടുതവണ എംഎൽഎയായപ്പോഴും സുനിലിന്റെ ഓഫിസ്. കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്നതുപോലെ നാട്ടുകാരും വന്നുപോയി. അതിവിപുലമായ സൗഹൃദംകൊണ്ടാണു സുനിൽ പാർട്ടിയെപ്പോലും അമ്പരപ്പിച്ചത്. സിപിഐ നിയമസഭാകക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു. വിദ്യാർഥി, യുവജന നേതാവായിരിക്കേ അനവധി സമരങ്ങൾക്കു നേതൃത്വം നൽകി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ലാത്തികൊണ്ട് അടിയേറ്റ ആളാണു വി.എസ്.സുനിൽകുമാർ. തല തകർന്നു മാസങ്ങളോളമാണ് ആശുപത്രിയിൽ കിടന്നത്.
അന്തിക്കാട്ട് വെളിച്ചപ്പാട് സുബ്രഹ്മണ്യന്റെയും സി.കെ.പാർവതിയുടെയും മകനായി ജനിച്ച വി.എസ്.സുനിൽകുമാർ നിലവിൽ സിപിഐ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗമാണ്. 2006ൽ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ൽ കയ്പമംഗലത്തുനിന്നും വിജയിച്ചു. അഡ്വ. രേഖ സുനിൽകുമാറാണു ഭാര്യ. മകൻ: നിരഞ്ജൻ കൃഷ്ണ.

പി. തിലോത്തമൻ (59)

കള്ളച്ചിരിക്കു കൂട്ടില്ല

ചേർത്തലയിൽ മൂന്നാം മൽസരത്തിനിറങ്ങുമ്പോൾ പി. തിലോത്തമന്റെ മുന്നിലെ പ്രധാന ചോദ്യം ചിരിക്കണോ വേണ്ടയോ എന്നായിരുന്നു. പ്രവർത്തകർ തന്നെയാണ് മനസില്ലാമനസ്സോടെ ‘ചിരിപ്രശ്നം’പി. തിലോത്തമനോടു പറഞ്ഞത്–‘നന്നായി ചിരിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയും’. പ്രവർത്തകർ പലവട്ടം പറഞ്ഞിട്ടും തിലോത്തമൻ ചിരിച്ചില്ല. തിലോത്തമൻ സാധാരണക്കാരൻ ആകുന്നതിനു മറ്റൊരു കാരണവുമുണ്ട്. ചൊരിമണലിൽ വിത്തെറിയുന്ന കർഷകൻ കൂടിയാണ് അദ്ദേഹം. ചേർത്തല തെക്ക് കുറുപ്പൻകുളങ്ങര വട്ടത്തറയിൽ പരേതരായ പരമേശ്വരന്റെയും ഗൗരിയുടെയും മകനായ തിലോത്തമൻ ബിരുദധാരിയാണ്. എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിപിഐ ജില്ലാ സെക്രട്ടറി. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
 
കയർതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ, ചേർത്തല കയർഫാക്ടറി വർക്കേഴ്‌സ് യൂണിയൻ, കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപറേഷൻ എംപ്ലോയിസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റുമാണ്. തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയൻ, കേരള സ്‌റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ എന്നിവയുടെ താലൂക്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: വി. ഉഷ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്). മക്കൾ: അമൃത, അർജുൻ.

അഡ്വ. കെ.രാജു (63)

പാർട്ടിയാണ് എല്ലാം; എന്നും

ഏരൂർ നെട്ടയത്തു സാമാന്യം ഭൂസ്വത്തുക്കൾക്കുടമയായിരുന്ന ജി. കരുണാകരൻ മുതലാളിയുടെ മകനു പാർട്ടിയും പാർട്ടി പ്രവർത്തനവും വരുമാനമാർഗമല്ല. പക്ഷേ, പാർട്ടിക്കാര്യം ജീവനെക്കാൾ പ്രധാനം. പുനലൂരിൽ ബാറിൽ കെപിഎസി സ്ഥാപകരിൽ ഒരാളായിരുന്ന പുനലൂർ രാജഗോപാലൻ നായർക്കു കീഴിൽ പ്രാക്ടീസ് തുടങ്ങിയ കെ.രാജു, പാർട്ടിക്കേസുകൾ കൈകാര്യം ചെയ്തതിലുമുണ്ടായിരുന്നു പാർട്ടി പ്രേമം. പാർട്ടിക്കാരായ കക്ഷികളിൽ നിന്നു വക്കീൽ ഫീസ് പോയിട്ടു സ്റ്റാംപ് ഫീസ് പോലും വാങ്ങില്ലായിരുന്നു. വിവാദങ്ങളെ എന്നും പടിക്കുപുറത്തു നിർത്താനിഷ്ടപ്പെടുന്ന ഈ അറുപത്തിമൂന്നുകാരനെതിരെ എതിരാളികൾ പോലും ആരോപണം ഉന്നയിക്കാൻ മടിക്കും. കൈക്കൂലി വാങ്ങിയെന്നോ സ്വജനപക്ഷപാതം കാട്ടിയെന്നോ ആരോപണമുയർന്നാൽ അക്ഷണം പൊതുപ്രവർത്തനം നിർത്തുമെന്ന രാജുവിന്റെ വാക്ക് പുനലൂരുകാർ അത്രയേറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. മന്ത്രി കെ.എം.മാണിയുടെ ബജറ്റവതരണം തടസ്സപ്പെടുത്താൻ സ്പീക്കറുടെ ചെയർ ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാർ തകർത്തപ്പോൾ അക്കൂട്ടത്തിലെങ്ങും രാജുവിനെ ആരും കണ്ടില്ല. ഇമ്മാതിരി പ്രതിഷേധങ്ങൾക്കില്ലെന്നു തീർത്തു പറഞ്ഞു രാജു സ്വന്തം സീറ്റിൽ തന്നെയിരുന്നു. തുടർച്ചയായ മൂന്നാം തവണയും പുനലൂരിന്റെ എംഎൽഎയും ഇപ്പോൾ മന്ത്രിയുമാകുമ്പോഴും രാജു എന്ന ഈ കൊച്ചുമനുഷ്യന്റെ പ്രകൃതത്തിൽ ഭാവഭേദങ്ങളൊന്നുമില്ല.

വി.ശശി (66)

നിലപാടുകളിൽ മാറ്റമില്ലാതെ

വി.ശശിക്കു ഡപ്യൂട്ടി സ്പീക്കർ പദവി അറുപത്തിയാറാം പിറന്നാൾ സമ്മാനമാണ്. ആ സമ്മാനം ചിറയിൻകീഴുകാർ കക്ഷിരാഷ്ട്രീയഭേദമെന്യേ ആഘോഷിക്കുന്നത് അദ്ദേഹത്തിന്റെ സത്യസന്ധവും സൗമ്യവുമായ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ്. സിപിഐ ജില്ലാ കൗൺസിൽ അംഗവും കർഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എ. വേലുവിന്റെയും കെ. ശാരദയുടെയും മകൻ. തിരുവനന്തപുരം മെഡിക്കൽകോളജ് പാലൂർ ലെയ്‌നിൽ പൊയ്കയിലാണു താമസം. സെന്റ് ജോസഫ് എച്ച്എസ്, ഫോർട്ട് ഹൈസ്‌കൂൾ, ആർട്‌സ് കോളജ്, തിരുവനന്തപുരം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

എംഎസ്‌സി എൻജിനീയറിങ് പൂർത്തിയാക്കി 1984ൽ ഡപ്യൂട്ടി ഡയറക്ടറായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഹാന്റ്‌ലൂം, കയർ ഫെഡ് ഡയറക്ടറായും ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ, കിൻഫ്ര, ഹാൻടെക്‌സ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായുംപ്രവർത്തിച്ചു.  കണ്ണൂർ സ്പിന്നിങ് മിൽ, മലപ്പുറം സ്പിന്നിങ് മിൽ, കുറ്റിപ്പുറം, തൃശൂർ, കൊല്ലം കൈത്തറി സഹകരണ സംഘങ്ങളുടെ ചെയർമാൻ സ്ഥാനവും വഹിച്ചു. വിരമിച്ചശേഷം കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ സ്ഥാനങ്ങൾ വഹിച്ചു. 2011ൽ ചിറയിൻകീഴ് എംഎൽഎയായി. സുമയാണു ഭാര്യ. രേഷ്മ, രാകേഷ് എന്നിവർ മക്കളാണ്.

രാമചന്ദ്രൻ കടന്നപ്പള്ളി (71)

നഷ്ടങ്ങളുടെ കണക്കെടുക്കില്ല ഇവിടെ

രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎൽഎയും ഒരിക്കൽ മന്ത്രിയുമായിട്ടുണ്ടെങ്കിലും സ്വന്തമായൊരു വീടു പണിതിട്ടില്ല കടന്നപ്പള്ളിയിതുവരെ. നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ എന്തുണ്ടെന്നു രാമചന്ദ്രൻ കടന്നപ്പള്ളിയോടു ചോദിച്ചാൽ പുഞ്ചിരിയാകും മറുപടി. ‘സാങ്കേതിക വിദ്യാഭ്യാസം നേടിയ അനുജനു ജോലി ലഭിക്കാൻ സഹപ്രവർത്തകരോട് ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. ജോലിവാങ്ങിക്കൊടുക്കാൻ അമ്മ പലതവണ പറഞ്ഞതാണ്’, പക്ഷേ അവസരങ്ങൾ ഒട്ടേറെ മുന്നിൽ കിടന്നപ്പോഴും അവസരവാദിയെന്ന ചീത്തപ്പേരു കേൾപ്പിക്കാൻ കടന്നപ്പള്ളി ഒരുക്കമല്ലായിരുന്നു. അധ്യാപികയായ ഭാര്യയുടെ ജനനത്തീയതി നാലുവർഷം കൂട്ടിവച്ചതിനാൽ ഫുൾപെൻഷൻ നഷ്‌ടമായത് എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു. പ്രശ്‌നം അറിഞ്ഞപ്പോൾ സ്‌പെഷൽ ഓർഡർ ഇറക്കാമെന്നു മന്ത്രി പറഞ്ഞെങ്കിലും സമ്മതിച്ചില്ല. സ്വകാര്യജീവിതത്തിലെ ഇത്തരം നഷ്ടങ്ങൾ കടന്നപ്പള്ളിയുടെ കണക്കിൽ തന്നെയില്ല, കാരണം ആദർശമായിരുന്നു വലുത്. മുട്ടോളമിറക്കമുള്ള ഖദർ ഷർട്ടിടുന്ന കടന്നപ്പള്ളി നന്നായി പാടും, ചിത്രം വരയ്ക്കും. അച്ഛന്റെ ഈ കമ്പം മകൻ മിഥുനും പകർന്നുകിട്ടിയുണ്ട്. അവിയൽ മ്യൂസിക് ബാൻഡ് അംഗമാണ് മിഥുൻ. അടുപ്പക്കാർക്ക്  ആശംസാകാർഡുകൾ സ്വന്തമായി വരച്ചുണ്ടാക്കി അയയ്‌ക്കാറുണ്ട് കടന്നപ്പള്ളി. വീട്ടിലെത്തിയാൽ അമ്മ പാർവതിയമ്മയും ഭാര്യ സരസ്വതിയുമാണ് കടന്നപ്പള്ളിയുടെ ലോകം.

എ കെ ശശീന്ദ്രൻ (70)

ഈ ചിരിയിൽ നിറയുന്നത് ജനകീയത

എലത്തൂരുകാർക്ക് ശശിയേട്ടനെന്നാൽ ഒരു നിറ ചിരിയാണ്. എന്തിനും ഏതിനുമൊപ്പമുള്ള ജനകീയൻ. കണ്ണൂരിൽ നിന്നാണു വരവെങ്കിലും കോഴിക്കോട്ടുകാരനല്ല എ കെ ശശീന്ദ്രനെന്ന് അടുത്തറിയാവുന്നവർ പോലും കരുതില്ല. നിയമസഭാംഗമെന്ന നിലയിൽ രണ്ടു ദശാബ്ദം പൂർത്തിയാക്കിയ ശശീന്ദ്രൻ പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വമാണ്. അഞ്ചു തവണ നിയമസഭയിലെത്തിയെങ്കിലും മന്ത്രിയാകുന്നത് ഇതാദ്യം. എൻസിപി ദേശീയ പ്രവർത്തക സമിതി അംഗമാണ്. കണ്ണൂർ മേലെ ചൊവ്വ അരയാക്കണ്ടി ‘ വർഷ’യിൽ എ കുഞ്ഞമ്പുവിന്റെയും എം കെ  ജാനകിയുടെയും മകനായ എ കെ ശശീന്ദ്രൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തു വരുന്നത്.

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും സംസ്ഥാന പ്രസിഡന്റു പദവിവരെ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ കോൺഗ്രസ് പിളർന്നപ്പോൾ പി സി ചാക്കോയ്ക്കൊപ്പം സംസ്ഥാന ഭാരവാഹിയായി. തുടർന്നങ്ങോട്ട് കോൺഗ്രസി(എസ്)ലും പിന്നീട് എൻസിപിയിലും തുടർന്ന് അദ്ദേഹം ഇടതുപക്ഷം വിട്ടു പോയിട്ടില്ല.

ഭാര്യ: അനിത കൃഷണൻ (റിട്ട. പ്രിൻസിപ്പൽ ഓർക്കാട്ടേരി ഗവ എച്ച് എസ് എസ്) മകൻ: വരുൺ ശശീന്ദ്രൻ (കൊച്ചിൻ റിഫൈനറി മെക്കാനിക്കൽ എൻജിനിയർ)

മാത്യു ടി തോമസ്(54)

നേരിന്റെ വഴിയെ; നേരായ വഴിയെ

വൈദികനായ പിതാവും അധ്യാപികയായ മാതാവും നയിച്ച വഴിയിലൂടെയാണ് മാത്യു ടി തോമസ് മുതിർന്നത്. കുടുംബത്തിൽ പരിചിതമല്ലാത്ത രാഷ്ട്രീയത്തിലേക്കായിരുന്നു മാത്യു ടിയുടെ യാത്ര. അവിടെയും വീട്ടിൽ നിന്നു പഠിച്ച മാന്യതയും സൗമ്യതയും നേരുമൊക്കെ ഒപ്പം കൂട്ടി. ഇരുപത്തഞ്ചാം വയസിൽ 1987ൽ ആദ്യമായി എംഎൽഎയായതാണ് മാത്യു ടി തോമസ്. പിന്നീട് ഒരു തോൽവിക്കുശേഷം രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല. രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാത്ത കാലമായിരുന്നു അത്. അഭിഭാഷകവൃത്തിയിൽ ശ്രദ്ധയൂന്നിയ മാത്യു ടി തോമസിനെ 2006ൽ എൽഡിഎഫ് വീണ്ടും തിരികെ കൊണ്ടുവന്നു. തിരുവല്ലയിൽ നിന്നു ജയിപ്പിച്ചു. ഗതാഗത മന്ത്രിയാക്കി. 2011-ലും ഇത്തവണയും തിരുവല്ലയിൽ ജയം ആവർത്തിച്ചു. തിരുവല്ല മണ്ഡലത്തിലെ രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. ആദ്യമന്ത്രി ഇ. ജോൺ ജേക്കബായിരുന്നു.

മാർത്തോമ്മാ സഭയിലെ വൈദികനായ തുമ്പുംപാട്ട് റവ. ടി തോമസിന്റെയും റിട്ട. അധ്യാപിക അന്നമ്മ തോമസിന്റെയും മകനാണ് മാത്യു ടി തോമസ്

ഭാര്യ: ഡോ. അച്ചാമ്മ അലക്സ്( ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ). മക്കൾ: അച്ചു അന്ന മാത്യു(അസി. പ്രഫസർ രാജഗിരി എൻജീനിയറിങ് കോളജ്), അമ്മു തങ്കം മാത്യും(ഡിഗ്രി വിദ്യാർഥി)

LEAVE A REPLY

Please enter your comment!
Please enter your name here