school of dramaതൃശൂര്‍:തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കാനെത്തിയ പെണ്‍കുട്ടികള്‍ വിരണ്ടോടി വന്ന് കലക്ടറേറ്റിനു സമീപത്തെ ചായക്കടയില്‍ കയറി. ചിലര്‍ ഉപദ്രവിക്കാന്‍ വരുന്നെന്നും സഹായിക്കണമെന്നുമപേക്ഷിച്ചു കരഞ്ഞതോടെ നാട്ടുകാര്‍ ഉഷാറായി. പെണ്‍കുട്ടികളെ പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാരെ അവര്‍ ഓടിച്ചിട്ടു പിടികൂടി. ജനത്തിന്റെ ധാര്‍മികരോഷം ഉയര്‍ന്നു. പീഡകരെ പിടിക്കാന്‍ ജനം നായകവേഷത്തില്‍ ഇടിതുടങ്ങാറായി.

സംഭവം ഇത്രയുമെത്തിയതോടെ കഥ മാറി. ഒറിജിനല്‍ പീഡനമല്ലെന്നും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത തെരുവുനാടകമാണിതെന്നും പിടിയിലായ ചെറുപ്പക്കാര്‍ പറഞ്ഞതോടെ മുഖ്യറോള്‍ നാട്ടുകാര്‍ ഏറ്റെടുത്തു. ആദ്യമെത്തിയ പെണ്‍കുട്ടികളും പിന്നാലെയെത്തിയ കൂട്ടുകാരും അതിനെ തുണച്ചെങ്കിലും നാട്ടുകാര്‍ വേദി പിടിച്ചു.നാടകമാണെന്ന് ഉറപ്പില്ലെന്നും പിടികൂടിയവരെ വിടാനാകില്ലെന്നും ഉറപ്പിച്ചുപറഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്നു നടീനടന്മാരും വില്ലന്മാരും കാണികളുമെല്ലാം സ്റ്റേഷനിലേക്കു പോയി.

സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ കഴിഞ്ഞദിവസം അരണാട്ടുകരയില്‍ മോശമായ പെരുമാറ്റമുണ്ടായതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയതിന്റെ ഭാഗമായിരുന്നു പീഡന നാടകം. മോശം പെരുമാറ്റത്തിന് ആറുപേരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു നാടകമെന്നാണു വിദ്യാര്‍ഥികളുടെ വിശദീകരണം. എന്നാല്‍ തങ്ങള്‍ക്കു ബോധക്കുറവില്ലെന്നും നാടകത്തിന്റെ പേരില്‍ പറ്റിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നുമായി നാട്ടുകാര്‍. അവസാനം കേസെടുത്തതോടെ നാടകശേഷം നടന്ന ‘പ്രതിനാടക’ത്തിനു തിരശീല വീണു.

LEAVE A REPLY

Please enter your comment!
Please enter your name here