തിരുവനന്തപുരം: കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്വര്‍ണമെഡല്‍ നേടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടുക എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിന്റെ കായികരംഗം ചുരുങ്ങിയെന്നാണ് മന്ത്രിയുടെ പരിദേവനം. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന കായികയുവജന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

കായികരംഗത്തിന്റെ വിപുലീകരണം അനിവാര്യമാണ്. ഇതിനായി കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും ആവിഷ്‌കരിക്കും. പഴയ കായിക താരങ്ങളെ ആരും ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയുണ്ട്. എന്നാല്‍ എല്ലാ കായിക താരങ്ങളെയും സംരംക്ഷിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂ. 2024ലെ ഒളിമ്പിക്‌സില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുന്ന കായികതാരങ്ങളെ വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ 7.45ന് കവടിയാര്‍ ജങ്ഷനില്‍നിന്ന് തുടങ്ങിയ കൂട്ടയോട്ടം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. കേരളത്തിന്റെ അഭിമാനമായ കായികതാരങ്ങളടക്കമുള്ള പ്രമുഖര്‍ക്കും കുട്ടികള്‍ക്കുമൊപ്പം കായികമന്ത്രിയും ഓടി. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതുകൊണ്ട് പാതിവഴിയില്‍ ഓട്ടം നിര്‍ത്തിയ മന്ത്രി, കുട്ടികളുടെ സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.

അതിനിടെ അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതിനെത്തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി വി ശിവന്‍കുട്ടി എത്തുമെന്ന് സൂചന. മുന്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്‌പോട്‌സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് പ്രതികൂലമാകുകയായിരുന്നു. കഴിഞ്ഞദിവസം അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുനസംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുയര്‍ന്നിരിന്നു. ആ പ്രശ്‌നം ഈ സ്ഥാനം നല്‍കലിലൂടെ പരിഹരിക്കാനാകുമെന്നും പാര്‍ട്ടി കണക്കുക്കൂട്ടുന്നുണ്ട്. ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍ കുട്ടി ,തലസ്ഥാനത്തെ മികച്ച സ്‌പോടസ് സംഘാടകന്‍ കൂടിയാണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here