കൊച്ചി: കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ലെന്ന് കേരള പൊലീസ് സംസ്ഥാന നുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നതില്‍ വ്യക്തതയില്ലെന്നും പൊലീസ്. ആറ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സംസ്ഥാന ഡിജിപിയ്ക്കുവേണ്ടി ചാലക്കുടി ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. നാലുമാസമായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ, കൊലപാതകം, സ്വാഭാവിക മരണം തുടങ്ങിയ സാധ്യതകള്‍ പരിശോധിച്ചിരുന്നു.
സഹായികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തു. തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ മരണം കാരണം കണ്ടെത്താനായില്ല. രാസപരിശോധനാഫലം വന്നെങ്കിലും വിദഗ്ധരുടെ സഹായത്താല്‍ അന്തിമ നിഗമനത്തിലെത്താനായില്ല. മണിയുടെ മാനേജര്‍ ജോബി ഉള്‍പ്പടെയുള്ള ആറ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ മാസം 10ന് പുറത്തിറക്കിയതായി ആഭ്യന്തര സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ സ്വാഭാവിക മരണത്തിന്റെ സാധ്യത തള്ളി കേന്ദ്ര ലാബിലെ പരിശോധനാ ഫലം. 45 മില്ലി ഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇത് ബിയര്‍ കഴിച്ചാല്‍ ശരീരത്തിലെത്താവുന്നതിലധികമാണെന്ന് അന്വേഷണ സംഘത്തിന് മെഡിക്കല്‍ സംഘത്തിന്റെ വിദഗ്‌ധോപദേശം.
ഹൈദരാബാദ് കേന്ദ്ര ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം മുന്‍ നിര്‍ത്തിയാണ് മരണകാരണമായ അളവില്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ മെഡിക്കല്‍ സംഘം എത്തിയത്. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിനേക്കാള്‍ ഇരട്ടിയാണിത്. ബിയര്‍ കഴിക്കുന്നയാളുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനേക്കാള്‍ കൂടിയ അളവ് മെഥനോള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നു. ഇതോടെ സ്വാഭാവിക മരണത്തിനുള്ള സാധ്യത കുറയുന്നതായാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.
ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്ന കലാഭവന്‍ മണിയെ അവസാന നാളുകളിലെ അമിത ബിയര്‍ ഉപയോഗം മരണത്തിലേക്ക് തള്ളിവിട്ടതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളില്‍ ഒന്ന്. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്‌ധോപദേശത്തിന്റെ വെളിച്ചത്തില്‍ ഈ സാധ്യത ഇല്ലാതായി. ഇനി അറിയേണ്ടത് കൂടിയ അളവില്‍ എങ്ങനെ മണിയുടെ ശരീരത്തില്‍ മെഥനോളെത്തി എന്നതാണ്.
മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയവരെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ രംഗത്തെത്തി. അന്വേഷണം സിബിഐയ്ക്ക് വിട്ടെങ്കിലും മണിയുടെ ശരീരത്തില്‍ മരണ കാരണമായ അളവില്‍ മെഥനോള്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിന് ഉത്തരം നിലവിലെ അന്വേഷണ സംഘം നല്‍കുമെന്നാണ് മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here