തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഗീതാ ഗോപിനാഥ് തലസ്ഥാനത്തെത്തി. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി അവര്‍ ചര്‍ച്ച നടത്തും. സ്ഥാനമേറ്റതിനുശേഷം ആദ്യമായാണ് അവര്‍ കേരളത്തിലെത്തുന്നത്. ഗീതയുടെ നിയമനം സിപിഎമ്മിലും മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു. പുതിയ സാമ്പത്തികനയങ്ങളെക്കുറിച്ചു വിദഗ്ധാഭിപ്രായം തേടാനാണു ഗീതയെ നിയമിച്ചതെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണു ഗീതയെ നിയമിച്ചത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിസഭാംഗങ്ങളുമായും പുറമെ ധന, ആസൂത്രണ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും അവര്‍ ചര്‍ച്ച നടത്തും.
നേരത്തെ ഗീതയുടെ നിയമനം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ തനതായ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി ശ്രമിക്കുമെന്നു ഗീത പറഞ്ഞിരുന്നു.
‘പ്രതിഫലം കൂടാതെയാണ് താനീ പദവി വഹിക്കുന്നത്. കേരളത്തിലേക്ക് വരികയോ, സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ല. മറിച്ച് താന്‍ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ തുടര്‍ന്നുകൊണ്ട് അധ്യാപനവും ഗവേഷണവും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന, ദേശീയതലത്തിലോ അന്തര്‍ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകുന്ന എതെങ്കിലും സംഭവങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയെന്നതാണ് ഒന്ന്.
ലോകത്തിന്റെ ഏത് കോണിലിരുന്നും ഇവയോട് പ്രതികരിക്കും. ധനകാര്യം, മാനേജ്‌മെന്റ്, തൊഴില്‍, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പലഭാഗത്തുമുള്ള വിദഗ്ദരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതില്‍ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യമെന്നും അവര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here