തന്റെ ഔദ്യോഗിക ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്ന പരാതി ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കി. 

നിലവില്‍ ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുളള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുളള അനുമതിയുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നു. താൻ അറിയാതെ തന്റെ ഇമെയില്‍ ഹാക്ക് ചെയ്യുന്നതും ഫോണ്‍ ചോര്‍ത്തുന്നതും തന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് കത്തില്‍ ആരോപിക്കുന്നത്. തനിക്കെതിരെ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നുളള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജേക്കബ് തോമസ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജികത്ത് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചതും. ജേക്കബ് തോമസ് രാജിവെക്കേണ്ടതില്ല എന്നു വ്യക്തമാക്കി വിഎസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു. അതിനുപിന്നാലെ വിജിലന്‍സ് തലപ്പത്ത് തുടരുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

തുറമുഖ ഡയറക്ടറായിരിക്കെ വിവിധ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തിന്റെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ക്ലിഫ് ഹൗസ് പരിസരത്ത് തലയില്‍ മുണ്ടിട്ട് നടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇത് തനിക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും ജേക്കബ് തോമസ് കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഇതിനിടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാനക്കി സംസ്ഥാന ധനവകുപ്പ് രേഖകള്‍ പറുത്തുവന്നിരുന്നു. രേഖകളില്‍ ഒരു സ്ഥലത്തുപോലും പോലും ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും രേഖഖകളില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് ഇന്ന് പുറത്തിറങ്ങിയ വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

എന്നാൽ തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്ന് ‘വീക്ഷിക്കുന്ന’ മുഖപ്രസംഗം ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കും കെ ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇപി ജയരാജന്റെ കാര്യത്തില്‍ ജേക്കബ് തോമസ്‌ കാണിക്കാത്തതിനെയും ചോദ്യം ചെയ്യുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതയ്ക്കുള്ള സമ്മാനമായാണ് ജേക്കബ് തോമസിന് പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കിയതെന്നും ആ നന്ദി മനസ്സില്‍ സൂക്ഷിക്കുന്ന അദ്ദേഹത്തിന് ബന്ധുനിയമന വിവാദത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും വീക്ഷണം ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here