നവജാത ശിശുവിനു മുലപ്പാല്‍ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവിനേയും വ്യാജസിദ്ധനേയും പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമമനുസരിച്ചാണ് അറസ്റ്റ്.പിതാവ് ഓമശ്ശേരി സ്വദേശി അബൂബക്കര്‍, സിദ്ധന്‍ കാളന്തോട് ഹൈദ്രോസ് തങ്ങള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സിദ്ധന്റെ വീട്ടിലേക്ക് പ്രമുഖ സംഘടനകള്‍ മാര്‍ച്ചുനടത്തി.

പ്രസവം നടന്ന മുക്കം ഇ.എം. എസ് സഹകരണ ആശുപത്രി നഴ്‌സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി.കുട്ടിയുടെ പിതാവിനെതിരേ കേസെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി ജില്ലാ പൊലിസ് മേധാവിക്കും മുക്കം പൊലിസിനും നിര്‍ദേശം നല്‍കിയിരുന്നു.

 

mula-300x154

കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട് .ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ ആണ് കഴിഞ്ഞ ദിവസം മുക്കം ഇ. എം. എസ് സഹകരണ ആശുപത്രിയില്‍ പിറന്ന തന്റെ കുഞ്ഞിന് അഞ്ച് വാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്‍കാന്‍ പാടില്ലെന്ന് ശഠിച്ചത്. ഇതോടെ ആശുപത്രി അധികൃതരും പൊലിസും ഇടപെട്ടെങ്കിലും അബൂബക്കര്‍ വഴങ്ങിയില്ല. മുലപ്പാല്‍ ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാകുമെന്ന് കണ്ട് ആശുപത്രി അധികൃതര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍മാത്രമാണ് ഉത്തരവാദിയെന്ന് എഴുതി നല്‍കി അബൂബക്കര്‍ കുട്ടിയുമായി വീട്ടിലേക്ക് പോവുകയായിരുന്നു.

23 മണിക്കൂറിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് വാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പൊലിസിനോട് പറഞ്ഞിരുന്നു.

മാപ്പുപറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ദിഖ്.

മുക്കത്ത് ഇഎംഎസ് ആശുപത്രിയില്‍ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് പിതാവ് അബൂബക്കര്‍ സിദ്ദിഖ്. തനിക്ക് പറ്റിയ അബദ്ധം താന്‍ അംഗീകരിക്കുന്നുവെന്നും തന്റെ തെറ്റുകള്‍ മനസ്സിലായി എന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് അബൂബക്കര്‍ സിദ്ദിഖ് മാപ്പപേക്ഷയുമായി എത്തിയത്.

കുഞ്ഞിനെ പട്ടിണിക്ക് ഇട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും സിദ്ദിഖ് ചോദിക്കുന്നു. കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നല്‍കിയെന്നും മുലപ്പാല്‍ നല്‍കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തതെന്നും സിദ്ദിഖ് പറയുന്നു. തേന്‍ നല്‍കിയതിനാല്‍ കുട്ടി ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ മുലപ്പാല്‍ നല്‍കാതിരുന്നാലുള്ള ഭവിഷ്യത്ത് പിന്നീടാണ് താന്‍ അറിഞ്ഞതെന്നും എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നും സിദ്ദിഖ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here